അഡ്‌ലെയ്ഡ്: നീണ്ട പത്തുവര്‍ഷത്തിനുശേഷം ഓസീസ് മണ്ണില്‍ ഇന്ത്യ ജയം സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യന്‍ ടീം ഒന്നടങ്കം. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം തീര്‍ത്തും ദു:ഖിതനാണെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. ഇഷാന്ത് ശര്‍മയാണ് മത്സരത്തിനിടെ എറിഞ്ഞ രണ്ടു നോബോളുകളുടെ പേരില്‍ ദു:ഖിതനായിരിക്കുന്നതെന്ന് മത്സരശേഷം കൊഹ്‌ലി പറഞ്ഞു.
ആ നോബോളുകളുടെ പേരില്‍ ഇഷാന്ത് ആത്മരോഷം കൊള്ളുകയാണ്. ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ അത്തരമൊരു നോ ബോള്‍ ഒരിക്കലും അദ്ദേഹത്തിന് സ്വയം അംഗീകരിക്കാനാവുന്നില്ല. ഇഷാന്തിന്റെ പന്തില്‍ അമ്പയര്‍ ഫിഞ്ചിനെ ഔട്ട് വിളിച്ചെങ്കിലും അത് നോ ബോളായിരുന്നുവെന്ന് റീപ്ലേകളില്‍ വ്യക്തമായി. നിര്‍ണായക മത്സരങ്ങളില്‍ ഇത്തരം പിഴവുകള്‍ക്ക് വലിയ വില കൊടുക്കേണ്ടിവരും. എന്നാല്‍ പിഴവുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇഷാന്ത് അത് തിരുത്തുമെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കൊഹ്‌ലി പറഞ്ഞു.
തെറ്റുകളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് ഈ ടീമിലുള്ളവരെല്ലാം. അതുകൊണ്ടാണ് ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് പിഴവ് നമുക്ക് രണ്ടാം ഇന്നിംഗ്‌സില്‍ തിരുത്താനായത്. പിച്ചില്‍ നിന്ന് കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്നിട്ടും നാലു ബൗളര്‍മാരുമായി ഇറങ്ങിയിട്ടും എതിരാളികളുടെ 20 വിക്കറ്റുകളും വീഴ്ത്താനായി എന്നത് അഭിമാനകരമായ നേട്ടമാണെന്നും കൊഹ്‌ലി പറഞ്ഞു.