ഹൗറ: ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത ബിജെപി മുസ്ലിം വനിതാ നേതാവിന് സ്വസമുദായത്തില്‍ നിന്ന് ഭീഷണി. ബംഗാളിലെ ബിജെപി നേതാവ് ഇസ്രത് ജഹാനെതിരെയാണ് ഭീഷണി. ഭീഷണിയെ തുടര്‍ന്ന് ചൊവ്വാഴ്ച പൊലീസിന് പരാതി നല്‍കി.
ഹൗറയിലെ എസി മാര്‍ക്കറ്റില്‍ നടന്ന ഹനുമാന്‍ ചാലിസയില്‍ പങ്കെടുത്ത് വീട്ടിലെത്തിയ തന്നെ സ്വസമുദായത്തില്‍ നിന്നുള്ളവര്‍ ഭീഷണിപ്പെടുത്തിയെന്നും വീട് ഒഴിയണമെന്നും ആവശ്യപ്പെട്ടതായി ഇവര്‍ ആരോപിച്ചു. ഹിജാബ് ധരിച്ച് ഹൈന്ദവ ആഘോഷത്തില്‍ പങ്കെടുത്തതിനെ ചോദ്യം ചെയ്തായിരുന്നു ഭീഷണിയെന്നും ഇവര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ ഉടന്‍ വീടൊഴിയണമെന്നും അല്ലെങ്കില്‍ ബലമായി പിടിച്ചിറക്കുമെന്നും ഭീഷണിപ്പെടുത്തി എന്നാണ് ഇസ്രത് പരാതിയില്‍ പറയുന്നത്. തനിക്ക് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും എന്തും സംഭവിക്കാമെന്നും അവര്‍ പരാതിയില്‍ ഉന്നയിക്കുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.