പ്രേമത്തില്‍ കുരുങ്ങി, പാക് ചാരനായി; പെണ്ണ് കെട്ടാന്‍ രഹസ്യവിവരങ്ങള്‍ കൈമാറി

പ്രണയത്തില്‍ കുരുങ്ങി പല അബദ്ധങ്ങളിലും ചെന്നുചാടുന്ന കഥകള്‍ മുന്‍പ് കേട്ടിട്ടുണ്ടെങ്കിലും ശത്രുരാജ്യത്തിന്റെ ചാരനായി മാറിയ അവസ്ഥ ഇതാദ്യമായാണ് കേള്‍ക്കുന്നത്. ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ മുഹമ്മദ് റാഷിദ് വാരണാസിയില്‍ ജോലി ചെയ്ത് ഐഎസ്‌ഐ ചാരനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് വിവരം. 2019 മാര്‍ച്ച് മുതല്‍ പാകിസ്ഥാനിലെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് ഇയാള്‍ വിവരങ്ങള്‍ കൈമാറിയിരുന്നു.

പാക് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വാട്‌സ്ആപ്പ് വഴി വാരണാസിയില്‍ നിന്നും സുപ്രധാന വിവരങ്ങള്‍ കൈമാറുന്ന യുവാവിനെക്കുറിച്ച് 2019 ജൂലൈയില്‍ തന്നെ സൈനിക ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. മറ്റ് കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ മാസങ്ങളോളം നിരീക്ഷണവും പരിശോധനയും തുടര്‍ന്നു. ഒടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാന്‍ മിലിറ്ററി ഇന്റലിജന്‍സും, യുപി എടിഎസും സംയുക്ത സംഘത്തെ തയ്യാറാക്കി.

ആഴ്ചകളോളം പ്രതികളെന്ന് സംശയിച്ചവരെ ചോദ്യം ചെയ്തതിന് ഒടുവിലാണ് പാകിസ്ഥാന് വിവരങ്ങള്‍ കൈമാറുന്നത് മുഹമ്മദ് റാഷിദാണെന്ന് തിരിച്ചറിഞ്ഞത്. ജനുവരി 16ന് ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ആദ്യ ഘട്ടത്തിലെ ചോദ്യം ചെയ്യലും, മൊബൈല്‍ പരിശോധനയും കഴിഞ്ഞതോടെ ഇയാളുടെ പങ്ക് വ്യക്തമായി. 23കാരനായ റാഷിദ് ടെയ്‌ലറിംഗ് യൂണിറ്റിലും, മെഡിക്കല്‍ സ്റ്റോറിലും ജോലി ചെയ്ത ശേഷം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ ഘടിപ്പിക്കുന്ന ജോലി ചെയ്യുകയായിരുന്നു ഇയാള്‍.

കറാച്ചിയിലുള്ള ബന്ധുക്കളെ കാണാനും, വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ബന്ധുവായ യുവതിയുമായി പ്രണയത്തിലായി. ഇതിനിടെ ഒരു ബന്ധു ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി റാഷിദിനെ പരിചയപ്പെടുത്തി. സൈനിക യൂണിറ്റ് നീക്കങ്ങള്‍ വാട്‌സ്ആപ്പ് വഴി കൈമാറാനും തീരുമാനിച്ചു. ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളും, റാലികളും സംബന്ധിച്ചും വിവരങ്ങളും കൈമാറാന്‍ റാഷിദ് സമ്മതിച്ചു.

യുവതിയെ വിവാഹം ചെയ്യാന്‍ സഹായിക്കുന്നതിന് പുറമെ പണവും വാഗ്ദാനം ചെയ്താണ് പാക് ചാരന്‍മാര്‍ റാഷിദിനെ വീഴ്ത്തിയത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടെ വിവരങ്ങളും ഇയാള്‍ പാക് ചാരന്‍മാര്‍ക്ക് കൈമാറി. എന്തായാലും വിവാഹം മോഹിച്ച് ചാരപ്രവര്‍ത്തനം നടത്തിയ റാഷിദ് ഇപ്പോള്‍ അകത്താണ്.

Top