കെയ്‌റോ: പാരീസിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. തങ്ങളുടെ ചാവേറുകളാണ് പാരീസില്‍ ആക്രമണം നടത്തിയതെന്ന് ഐസിസ് വ്യക്തമാക്കി.
ഖലീഫയുടെ സാമ്രാജ്യം കുരിശിന്റെ വീട് ആക്രമിച്ചുവെന്നായിരുന്നു ഐസിസ് അനുകൂലികളുടെ ട്വിറ്റര്‍ സന്ദേശം. സിറിയയില്‍ ഐ.എസിനെതിരായി ഫ്രാന്‍സ് നടത്തുന്ന വ്യോമാക്രമണങ്ങള്‍ക്കുള്ള മറുപടിയാണ് ആക്രമണം. ഫ്രാന്‍സ് തങ്ങളുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ്. രാജ്യത്ത് വീണ്ടും ഭീകരാക്രമണം നടത്തുമെന്നും ഭീകര സംഘടന ഭീഷണി മുഴക്കി.
പാരീസിലെ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഐഎസ് ആണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് സ്ഥിരീകരിച്ചു. രാജ്യത്തിനെതിരായി കരുതിക്കൂട്ടി തയാറാക്കിയ യുദ്ധമാണ് നടന്നതെന്ന് ഒളാന്ദ് പറഞ്ഞു. മൂന്നു ദിവസത്തെ ദു:ഖാചരണത്തിന് ആഹ്വാനം നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെയുണ്ടായ ആക്രമണത്തില്‍ 150ലധികം പേരാണ് മരിച്ചത്. മധ്യ പാരീസിലെ ബാറ്റാക്ലാന്‍ തിയേറ്റര്‍, വടക്കന്‍ പാരീസിലെ സ്റ്റാഡെ ഫ്രാന്‍സ് സ്റ്റേഡിയം എന്നിവിടങ്ങളിലടക്കം ആറിടങ്ങളിലാണ് ആക്രമണമുണ്ടായത്.