അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരണം

ബെയ്‌റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ഐഎസ് സ്ഥിരീകരിച്ചു. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്.

എന്നാല്‍ ബഗ്ദാദി എവിടെവച്ച്, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് കൃത്യമായ അറിവില്ലെന്ന് സംഘടനയുടെ ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

സിറിയയുടെ കിഴക്കന്‍ പ്രദേശത്ത് ഇറാഖിനോട് ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് ബഗ്ദാദി അവസാനകാലത്ത് ഉണ്ടായിരുന്നതെന്നും അവിടെവച്ചാകും കൊല്ലപ്പെട്ടതെന്നുമാണ് കരുതുന്നത്. എന്നാല്‍, കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു.

ഇറാഖില്‍ ജനിച്ച ബഗ്ദാദി പൊതുസമൂഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടാറില്ലായിരുന്നു. 2014ല്‍ ഐഎസ് പിടിച്ചെടുത്ത മൊസൂളിലെ ഗ്രാന്‍ഡ് മോസ്‌കിലാണ് ബഗ്ദാദിയെ അവസാനം കാണുന്നത്. മുന്‍പ്, നിരവധി തവണ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ആദ്യമായാണ് ഐഎസ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

Top