ന്യൂഡല്‍ഹി: തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലും വന്‍ വിവേചനം നിലനില്‍ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. അറബ് പോരാളികള്‍ക്കാണ് മുന്‍ഗണന.
അറബ് പോരാളികളേക്കാള്‍ താഴ്ന്ന നിലയിലാണ് ഇന്ത്യ, പാകിസ്താന്‍, ആഫ്രിക്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള പോരാളികളെ ഐ.എസ് പരിഗണിക്കുന്നതെന്നാണ് ഏജന്‍സികളുടെ കണ്ടെത്തല്‍.
അറബ് പോരാളികളേക്കാള്‍ കുറഞ്ഞ കൂലിയാണ് ഇവര്‍ക്ക് നല്‍കുന്നത്. അതിലുപരി ആയുധങ്ങള്‍ നല്‍കുന്നതിലും പോലും വിവേചനം കാണിക്കുന്നതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിദ്യാഭ്യാസവും സാമൂഹിക പശ്ചാത്തലവും കാരണം മറ്റുള്ളവരെ പോലെ പെട്ടന്നുള്ള പ്രകോപനങ്ങളില്‍ വീഴുന്നില്ലെന്നതിനാല്‍ ചാവേര്‍ ആക്രമണങ്ങളില്‍ ഇവരെ പങ്കെടുപ്പിക്കാനും ഐ.എസ് നേതൃത്വം ബുദ്ധിമുട്ടാറുണ്ട്. സൂത്രപ്പണികളുടെ സഹായത്തോടെയാണ് ഇവരെ ചാവേറുകളാക്കുന്നത്.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ആക്രമണസ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തിയശേഷം നേരത്തെ നല്‍കിയ നമ്പരില്‍ വിളിക്കാന്‍ ആവശ്യപ്പെടുകയാണ് പതിവ്. സഹായികളെ വിളിക്കുകയാണെന്ന് കരുതിയാണ് മിക്ക ചാവേറുകളും ഡിറ്റണേറ്റര്‍ ഘടിപ്പിച്ച മൊബൈല്‍ ഫോണുകളിലേക്ക് ഡയല്‍ചെയ്യുക. കോള്‍ വരുന്നതോടെ സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയും ചെയ്യും.
പോരാളികള്‍ക്ക് സിറിയന്‍ വനിതകളെ വധുക്കളായി നല്‍കുമെന്നാണ് ഐ.എസ് വാഗ്ദാനം ചെയ്യാറെങ്കിലും അറബ് പോരാളികളല്ലാത്തവര്‍ക്ക് ‘ ജിഹാദി വധുക്കള്‍’ അപ്രാപ്യമാണെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇറാഖിലും സിറിയയിലുമായി 23 ഇന്ത്യക്കാര്‍ ഇസ്ലാമിക് സ്റ്റേറ്റിനുവേണ്ടി പോരാടുന്നുണ്ടെന്ന് സുരക്ഷാ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍. പോരാട്ട രംഗത്തുണ്ടായിരുന്ന ആറ് പേര്‍ കൊല്ലപ്പെട്ടതായും ഏജന്‍സികള്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ഐ.എസ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
യു.എസ് ബ്രീട്ടീഷ് രഹസ്യാന്വേഷണഏജന്‍സികളായ സി.ഐ.എ, എം.ഐ. സിക്‌സ് എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ ഖുര്‍ആന്‍ വ്യക്തമായും ശരിയായും പഠിച്ച ഇന്ത്യന്‍ ഇസ്ലാമിക പണ്ഡിതരും പുരോഹിതരും ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഐ.എസിനും മറ്റു സംഘടനകള്‍ക്കും എതിരെ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.