വാഷിംങ്ടണ്‍: അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ആള്‍ക്ക് അമേരിക്ക പാരിതോഷികമായി നല്‍കുന്നത് 25 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 178 കോടിയോളം രൂപ).
അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ വിശ്വസ്തനായി കടന്ന് കൂടിയാണ് ഇയാള്‍ വിവരങ്ങള്‍ ശേഖരിച്ചത്. സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ബാഗ്ദാദിയുടെ ഒളിത്താവളവും സിറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ സുരക്ഷ തേടി ബാഗ്ദാദി നീങ്ങാനിടയുള്ള വിവരവും യുഎസ് സേനയ്ക്ക് കൈമാറിയത് ഇയാളായിരുന്നു. ബാഗ്ദാദിയെ സൈന്യം വളയുന്ന സമയത്തും ഇയാള്‍ അവിടെയുണ്ടായിരുന്നതായാണ് യുഎസ് നല്‍കുന്ന വിവരം.
മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ബാഗ്ദാദിയ്ക്കായുള്ള തിരച്ചിലിന് വ്യക്തമായ രൂപരേഖ നല്‍കിയത് ഈ ചാരന്‍ നല്‍കിയ നിര്‍ണായക വിവരമാണ്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് പുറത്തു വിട്ടിട്ടില്ലെങ്കിലും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗമാണ് ഇയാളെന്ന് സൂചനകളുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്ഡിഎഫ് മേധാവി ജനറല്‍ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു.