ലക്‌നൗ: ഉത്തര്‍പ്രദേശിലെ താക്കൂര്‍ഗഞ്ചില്‍ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വധിച്ച ഭീകരന് ഭീകരസംഘടനയായ ഐ.എസ്സുമായി ബന്ധമുള്ളതായി വെളിപ്പെടുത്തല്‍. ഭീകരന്റെ പക്കല്‍നിന്ന് ഐ.എസ് പതാക സൈന്യം കണ്ടെടുത്തു.
ഉജ്ജയിന്‍ – ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് വധിക്കപ്പെട്ട സെയ്ഫുള്ള എന്നാണ് പൊലീസ് കരുതുന്നത്. താക്കൂര്‍ഗഞ്ചിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഇയാളെ 12 മണിക്കൂര്‍ നീണ്ടുനിന്ന് ഏറ്റമുട്ടലിലാണ് പൊലീസ് കൊലപ്പെടുത്തിയത്.
അതിനു ശേഷം വീടു പറിശോധിച്ച സുരക്ഷാസേനയെ ഞെട്ടിക്കുന്നതായിരുന്നു ഇയാളുടെ മുറി.എട്ടു തോക്കുകള്‍, 650 വെടിയുണ്ടകള്‍, 50 ഫയര്‍ റൗണ്ട്‌സ്, വെടിക്കോപ്പുകള്‍, സ്‌ഫോടക വസ്തുക്കള്‍,കത്തികള്‍, സ്വര്‍ണം, കറന്‍സികള്‍, പാസ്‌പോര്‍ട്ടുകള്‍, സിം കാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, വോക്കി ടോക്കി, റെയില്‍വേ മാപ്പ് തുടങ്ങി നിരവധി വസ്തുക്കളാണ് സുരക്ഷാസേന അവിടെ നിന്നും കണ്ടെടുത്തത്.
ഐ.എസ് ബന്ധം സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ ട്രെയിന്‍ സ്‌ഫോടനം ഐ.എസ് ഇന്ത്യയില്‍ നടത്തിയ ആദ്യ ആക്രമണമാകും.