Isis realtion; Two missing from kasarkod

കാസര്‍കോട്: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ രണ്ട് മലയാളികളെ കൂടി കാണാതായി. പടന്ന സ്വദേശികളായ രണ്ടുപേരെ ഒരുമാസമായി കാണാനില്ലെന്നാണ് ബന്ധുക്കളുടെ പരാതി.

ചന്തേര പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാണാതായവര്‍ക്ക് ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പറഞ്ഞിട്ടുണ്ട്. വിദേശത്തും നിന്നും നാട്ടിലേക്ക് തിരിച്ചവരെയാണ് കാണാതായത്. ഷാര്‍ജയില്‍ നിന്നും ഒരുമാസം മുമ്പ് ഇവര്‍ മുംബൈയില്‍ എത്തിയിരുന്നെന്നും ഇനി വീട്ടിലേക്ക് ഇല്ലെന്ന് കഴിഞ്ഞ വ്യാഴാഴ്ച സന്ദേശം ലഭിച്ചതായും ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു

ഇവര്‍ ജൂണ്‍ 13ന് ജോലി സ്ഥലത്തു നിന്നും നാട്ടിലേയ്ക്ക് എന്നു പറഞ്ഞു പോന്നിരുന്നു. എന്നാല്‍ ഇവര്‍ കേരളത്തില്‍ എത്തിയില്ല.

ഇതോടെ സംസ്ഥാനത്ത് നിന്നും ഐഎസ് ബന്ധം ആരോപിച്ച് കാണാതായവരുടെ എണ്ണം 18 ആയി. കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ഒരു മാസമായി സ്ത്രീകള്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ലെന്ന പരാതി ഇന്നലെയാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്.പരാതി നല്‍കിയ ബന്ധുക്കള്‍ അഫ്ഗാനിസ്ഥാനിലോ സിറിയയിലോ ഉള്ള ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാംപില്‍ ഇവര്‍ എത്തിയതായി സംശയിക്കുന്നെന്നും വ്യക്തമാക്കിയിരുന്നു.

ഒരു മാസമായി കാണാതായ ഇവരില്‍ നിന്നും കഴിഞ്ഞ ദിവസം വാട്‌സാപ്പിലൂടെ സന്ദേശം എത്തിയിരുന്നു. ഇനി ദൈവിക ലോകത്താണെന്നും തങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടെന്നുമാണ് ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലുളളത്. സിറിയ, ഇസ്രയേല്‍,ഇറാഖ്,തുര്‍ക്കി എന്നീ രാജ്യങ്ങളിലാണ് ഇവരുള്ളതായി സംശയിക്കുന്നതെന്നും ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനവും, കേന്ദ്രസര്‍ക്കാരിന്റെ രഹസ്യാന്വേഷണ വിഭാഗവും കേസില്‍ അന്വേഷണം നടത്തുകയാണ്.

Top