തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഐഎസ് തീവ്രവാദികള്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദ് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്.
എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഒരു ദേശീയമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിർമ്മിക്കുകയും ഓരോന്നിലും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്.
മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നു. എന്നാല്‍ ചിലർ ഗ്രൂപ്പിൽ തുടരുകയും സന്ദേശങ്ങള്‍ പോലീസിനെ അറിയിക്കുകയായിരുന്നു എന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.