ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന സ്ത്രീ പിടിയില്‍

ഡിയേഗോ: ഇന്ത്യക്കാരായ യുവതീ യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തിരുന്ന സ്ത്രീ ഫിലിപ്പീന്‍സില്‍ പിടിയില്‍.

കരേന്‍ ഐഷ ഹാമിഡണ്‍ എന്ന വനിതയാണു പിടിയിലായത്. സമൂഹമാധ്യമങ്ങളിലൂടെ ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുകയും യുവാക്കളെ ആകര്‍ഷിക്കുകയുമായിരുന്നു കരേന്‍ ചെയ്തിരുന്നതെന്ന് ദേശീയ അന്വേഷണ ബ്യൂറോ (എന്‍ബിഐ) അറിയിച്ചു.

ഫിലിപ്പീന്‍സിലെ ഭീകരനേതാവായ മുഹമ്മദ് ജാഫര്‍ മക്വിഡിന്റെ വിധവയാണ് കരേന്‍. 2016ലാണ് രാജ്യാന്തര തലത്തില്‍ കുപ്രസിദ്ധയായ കരേന്‍, ഫെയ്‌സ്ബുക്, ടെലഗ്രാം, വാട്‌സാപ്പ് ഗ്രുപ്പുകള്‍ വഴി ‘വിദേശ പോരാളി’കളെ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി റിക്രൂട്ട് ചെയ്യുന്നതായി കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ഏജന്‍സികള്‍ ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരികയായിരുന്നു.

കഴിഞ്ഞ വര്‍ഷം കരേന്റെ വിവരങ്ങള്‍ അന്വേഷിച്ച് എന്‍ഐഎ ഫിലിപ്പീന്‍സ് സര്‍ക്കാരിനു കത്തയച്ചിരുന്നു. അവരുടെ ഡിയേഗോയിലുള്ള വിലാസവും ഫോണ്‍ നമ്പറുകളും എന്‍ഐഎയ്ക്ക് ഫിലിപ്പീന്‍സ് ലഭ്യമാക്കുകയും ചെയ്തിരുന്നു.

ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചോദ്യം ചെയ്യുന്നതിനായി കരേനെ കസ്റ്റഡിയില്‍ കിട്ടാന്‍ ഫിലിപ്പീന്‍സ് സര്‍ക്കാരിനെ സമീപിക്കാനിരിക്കുകയാണ് എന്‍ഐഎ.

ഇന്ത്യയിലെ ഐഎസ് പ്രചാരകരായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ മുഹമ്മദ് സിറാജുദ്ദീന്‍, എന്‍ജിനീയര്‍ മുഹമ്മദ് നസീര്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

തങ്ങളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തത് കരേന്‍ ആയിരുന്നുവെന്നാണ് ഇവരുടെ മൊഴി. ഇസ്‌ലാം ക്യൂ ആന്‍ഡ് എ, ഉമ്മ അഫയേര്‍സ് എന്നീ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്തിരുന്നത് കരേന്‍ ആയിരുന്നുവെന്നും എന്‍ഐഎ അറിയിച്ചു.

മുംബൈ, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ശ്രീനഗര്‍, കാണ്‍പൂര്‍, സോപോര്‍, കൊല്‍ക്കത്ത, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കരേനുമായി ബന്ധം പുലര്‍ത്തിയിരുന്നതെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.

Top