ധാക്ക: ദക്ഷിണ ഏഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് ഐ.എസ് നീക്കം. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതായി ഐ.എസിന്റെ പേരില്‍ പുറത്തിറങ്ങിയ ഇപുസ്തകത്തില്‍ പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ദാദ്രി സംഭവത്തെയും ഇസ്ലാമിക് സ്‌റ്റേറ്റില്‍ നിന്നുള്ള കറുത്ത പതാകകള്‍ എന്ന പുസ്തകത്തില്‍ വിമര്‍ശിക്കുന്നുണ്ട്.
നരേന്ദ്രമോഡി ആയുധപൂജ നടത്തുന്ന ഹിന്ദു ദേശീയവാദിയാണെന്ന് പുസ്തകം പറയുന്നു. ദാദ്രി സംഭവം വലതുപക്ഷ ഹിന്ദു സംഘടനകള്‍ മുസ്ലീമുകള്‍ക്കെതിരേ യുദ്ധത്തിന് തയാറെടുക്കുന്നുവെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് ഐ.എസ് ആരോപിക്കുന്നു.
ബീഫ് കഴിക്കുന്നവരെ കൊല്ലുകയാണെന്നും മുസ്ലീം വിദ്വേഷം ഇത്തരം ഗ്രൂപ്പുകളില്‍ വേരുറപ്പിക്കുന്നുണ്ടെന്നും ഭാവിയില്‍ ഇത്തരം രാജ്യങ്ങളില്‍ യുദ്ധമുണ്ടാകുമെന്നും പുസ്തകം പറയുന്നു. ജര്‍മനിയിലെ നാസി ഗ്രൂപ്പുകളെയും ഫ്രാന്‍സിലെ നാഷണല്‍ ഫ്രണ്ടിനെയും ഹിന്ദു വര്‍ഗീയവാദികളുടെ കൂട്ടത്തില്‍ ഐ.എസ് എണ്ണുന്നുണ്ട്.
വര്‍ഗീയത ആളിക്കത്തിച്ച് അവരുടെ ഒന്നാം നമ്പര്‍ ശത്രുവായ മുസ്ലീമുകള്‍ക്കെതിരേ പോരാടാന്‍ ഇവര്‍ സായുധ സംഘത്തെ റിക്രൂട്ട് ചെയ്യുകയാണെന്നും ഐ.എസ് പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പ്രസിഡന്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഭാവിയില്‍ മുസ്ലീമുകള്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ ആളുകളെ പരുവപ്പെടുത്താന്‍ കെല്‍പ്പുള്ളയാളാണ് മോഡി. വലതുപക്ഷ തീവ്രഹിന്ദു സംഘടനകള്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ആളുകളെയും ശേഖരിക്കുന്നുണ്ട്.
മുസ്ലീം ഇതര രാജ്യങ്ങളിലെ മുസ്ലീമുകള്‍ ഏതെങ്കിലും മുസ്ലീം രാജ്യത്തേക്ക് പലായനം ചെയ്യുകയോ പോരാട്ടത്തിനു തയാറാകുകയോ വേണമെന്നും ഐ.എസ് ഉപദേശിക്കുന്നു. ലോകത്താകമാനമുള്ള മുസ്ലീമുകള്‍ ആഗോള തലത്തില്‍ പോരാട്ടം നടത്തുമെന്നും പുതിയലോകം പടുത്തുയര്‍ത്തുമെന്നും പുസ്തകം പറയുന്നു.