isisrelation; Nimisha’s mother meets Pinarayi

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ മാതാവ് ബിന്ദു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തന്റെ മകള്‍ മടങ്ങുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ അമ്മമാരും ജാഗ്രത പാലിക്കണമെന്നും ബിന്ദു, പിണറായി വിജയനെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു. മകള്‍ നിമിഷ ഭര്‍ത്താവ് ഈസക്കൊപ്പം ഐഎസില്‍ ചേര്‍ന്നതായി സംശയമുണ്ടെന്ന് പറഞ്ഞ് ഇന്നലെയാണ് ബിന്ദു രംഗത്തെത്തിയത്.

കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ഡെന്റല്‍ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു നിമിഷ. കാണാതാകുന്നതിന് നാലു ദിവസം മുമ്പ് പരിചയപ്പെട്ട ബെക്‌സണ്‍ വിന്‍സെന്റിനൊപ്പമാണ് നിമിഷ പോയതെന്നാണ് മാതാവ് പറയുന്നത്. ക്രിസ്ത്യന്‍ മതവിശ്വാസിയായിരുന്ന യുവാവ് പിന്നീട് മുസ്ലീം മതം സ്വീകരിച്ച ഈസ എന്ന പേര് സ്വീകരിച്ചു. നിമിഷയെ കുട്ടിയെ കാണാതായ സമയത്ത് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ നിമിഷ, ബുര്‍ഖ ധരിച്ച് മതം മാറി ഫാത്തിമ നിമിഷ എന്ന പേര് സ്വീകരിച്ചിരുന്നെന്ന് ബിന്ദു പറയുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യം പറഞ്ഞപ്പോള്‍ കോടതി അത് അംഗീകരിക്കുകയുമായിരുന്നു.

ജൂണ്‍ വരെ നിമിഷയുമായി ഫോണിലും നേരിട്ടും ബന്ധപ്പെട്ടിരുന്നു. ജൂണ്‍ നാലിന് ശേഷം പെണ്‍കുട്ടിയുമായി ബന്ധപ്പെടാനായിട്ടില്ല. ഒടുവില്‍ സംസാരിച്ചപ്പോള്‍ ശ്രീലങ്കയിലേക്ക് പോകുകയാണെന്ന മറുപടിയാണ് നിമിഷ നല്‍കിയതെന്നും ബിന്ദു പറയുന്നു. ഒടുവില്‍ ലഭിച്ച വോയിസ് സന്ദേശത്തില്‍ ഇന്ത്യന്‍ നമ്പരുകളൊന്നും ലഭിക്കാത്ത സ്ഥലത്താണ് തങ്ങളെന്നും മകള്‍ അറിയിച്ചതായും ബിന്ദു പറഞ്ഞു.

Top