isl-2016-final-atletico-de-kolkata-won

കൊച്ചി: കേരളത്തിന്റെ മണ്ണില്‍.. കേരളത്തിന്റെ സ്വന്തം ടീമിനെ അവരുടെ പതിനായിരക്കണക്കിന് ആരാധകരുടെ ആരവങ്ങള്‍ക്കിടയില്‍ പൊളിച്ചടുക്കി കൊല്‍ക്കത്ത.

ഷൂട്ടൗട്ടിൽ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയിലെ ഗ്രൗണ്ടിൽ കെട്ടുകെട്ടിച്ചാണ് അത്ലറ്റിക്കോ കിരീടം ചൂടിയത്. എൻഡോയെയും ഹെംഗ്ബർട്ടും പെനാൽറ്റി കിക്കുകൾ പാഴാക്കിതോടെ ബ്ലാസ്റ്റേഴ്സ് തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു.

ഇതോടെ ഒരിക്കൽകൂടി സച്ചിന്റെ ബ്ലാസ്റ്റേഴ്സിനെ കീഴടക്കാൻ സൗരവ് ഗാംഗുലിയുടെ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കു കഴിഞ്ഞു.

ബ്ലാസ്റ്റേഴ്സിനായി അന്റോണിയോ ജർമന്റെ കിക്ക് ലക്ഷ്യം കണ്ടപ്പോൾ കൊൽക്കത്തയുടെ സൂപ്പർ താരം ഇയാൾ ഹ്യൂമിന്റെ കിക്ക് ഗോളി ഗ്രഹാം സ്റ്റാക്ക് തടഞ്ഞിട്ടു. കേരളം 1– കൊൽക്കത്ത 0. ബെൽഫോർട്ടും സമീത് ദ്യുതിയും രണ്ടാം കിക്കുകൾ ലക്ഷ്യത്തിലെത്തിച്ചു.

കേരളം 2– കൊൽക്കത്ത 1. കേരളത്തിന്റെ മൂന്നാം കിക്ക് എൻഡോയെ വെളിയിലേക്ക് അടിച്ചുകളഞ്ഞപ്പോൾ കൊൽക്കത്തയ്ക്കായി ബോർഗ ഫെർണാണ്ടസ് പന്ത് വലയിലെത്തിച്ചു. കേരളം 2– കൊൽക്കത്ത 2. നാലാം കിക്കെടുത്ത മുഹമ്മദ് റഫീഖിനും ലാറയ്ക്കും പിഴച്ചില്ല.

കേരളം 3– കൊൽക്കത്ത 3. അഞ്ചാം കിക്കെടുത്ത ഹെംഗ്ബർട്ടിന്റെ കിക്ക് ഗോളിയുടെ കാലിലിടിച്ച് പാഴായപ്പോൾ കോൽക്കത്തയ്ക്കായി പന്ത് ലക്ഷ്യത്തിലെത്തിച്ച് ജ്യുവൽ രാജ കൊൽക്കത്തയ്ക്കു കിരീടം നേടിനൽകി.

നേരത്തെ, നിശ്ചിത 90 മിനിറ്റും അധികസമയവും സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഓരോ ഗോൾ വീതം നേടിയാണ് ഇരുടീമുകളും സമനില പാലിച്ചത്.

37–ാം മിനിറ്റിൽ മുഹമ്മദ് റാഫിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ടൂർണമെന്റിലെ ഗോൾ വരൾച്ച അവസാനിപ്പിച്ച് ഹെഡറിലൂടെയായിരുന്നു റാഫിയുടെ ഗോൾ. എന്നാൽ ഒന്നാം പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ഹെന്റിക്കോ സെറീനോയുടെ ഹെഡർ ഗോളിലൂടെ കൊൽക്കത്ത സമനില പിടിക്കുകയായിരുന്നു.

തുടർന്ന് ഇരുടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോളിന് വഴിതുറന്നില്ല. ഇതോടെ മത്സരം അധിക സമയത്തേക്കു നീണ്ടു. എന്നാൽ അധികസമയത്തും ഇരുടീമുകൾക്കും നോൾ നേടാൻ കഴിഞ്ഞില്ല.

ബ്ലാസ്റ്റേഴ്‌സിന് സ്വന്തം മണ്ണിലുള്ള എല്ലാ അനുകൂല ഘടകങ്ങള്‍ക്കും മീതെ കൊല്‍ക്കത്ത നേടിയ ഈ വിജയം ഏറെ തിളക്കമുള്ളതാണ്.

പന്തുമായി ഓരോ കേരള താരങ്ങള്‍ നീങ്ങുമ്പോഴും ഗാലറികളില്‍ നിന്നുയരുന്ന ആരവങ്ങള്‍ക്ക് മുന്നില്‍ പതറാതെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൂപ്പര്‍ സിനിമാ താരങ്ങളും നോക്കി നില്‍ക്കെ നേടിയ ഈ വിജയം കൊല്‍ക്കത്തക്ക് അവകാശപ്പെട്ടത് തന്നെയാണ്.

സീസണില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തിയ ടീമാണ് കൊല്‍ക്കത്ത. ആകെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പരാജയപ്പെട്ടത്. ഈ സീസണില്‍ തന്നെ ലീഗ് റൗണ്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയ കൊല്‍ക്കത്ത കിരീട നേട്ടത്തോടെ വീണ്ടും ചരിത്രം ആവര്‍ത്തിച്ചിരിക്കുകയാണ്.

Top