രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ വസന്തം ചെന്നൈയിൽ. ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിൻ എഫ്‌സി ഇന്ന് ബെംഗളൂരു എഫ്‌സിയെ നേരിടും. രാത്രി 7.30 ന് ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.
പുതിയ സീസൺ ജയത്തോടെ തുടങ്ങിയ ഇരു ടീമുകളും നേർക്കുനേർ എത്തുമ്പോൾ ആവേശകരമായ ഒരു പോരാട്ടം പ്രതീക്ഷിക്കാം. ആദ്യ കളിയിൽ എടികെ മോഹൻ ബഗാനെതിരെ വിജയിച്ച ചെന്നൈ, ലീഗിൽ 50 വിജയങ്ങൾ നേടുന്ന മൂന്നാമത്തെ ടീമായി മാറി. ഒപ്പം 200 ഗോളുകൾ എന്ന നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ടീമുമാണ് ചെന്നൈ.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയെ തോൽപിച്ചാണ് ബെംഗളൂരു എഫ്‌സി തുടങ്ങിയത്. 50 വിജയങ്ങൾ എന്ന നാഴികക്കല്ലിലെത്താൻ ഒരു ജയം കൂടി വേണം ബെംഗളൂരുവിന്. ചെന്നൈയ്‌ക്കെതിരായ അവസാന ആറ് മത്സരങ്ങളിലും തോൽവി അറിയാത്തവരാണ് നീലപ്പട. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സി ലീഗിൽ 32 ഗോളുകൾ നേടിയിരുന്നു. 32 ഗോളുകളിൽ പത്തൊമ്പതും സെറ്റ് പീസുകൾ വഴിയാണ് പിറന്നത്.