ഗുവാഹതി: ഐഎസ്എല്‍ ഫുട്ബോള്‍ മാമാങ്കത്തില്‍ മണിപ്പൂരി താരം സെമിന്‍ലന്‍ ഡോന്‍ഗല്‍ ഹാട്രിക്കിന്റെ കരുത്തില്‍ ചെന്നൈയിനെ 3-1ന് നോര്‍ത്ത് ഈസ്റ്റ് അട്ടിമറിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ ചെന്നൈയിനെ തീര്‍ത്തും പ്രതിരോധത്തിലാക്കിയാണ് വടക്കുകിഴക്കന്‍ സംഘത്തിന്റെ ജയം. പുതിയ കോച്ച് അവ്റം ഗ്രാന്‍ഡിന്റെ ശിക്ഷണത്തില്‍ അടിമുടി മാറിയ വടക്കുകിഴക്കന്‍ പടക്ക് ഇതോടെ മൂന്നാം ജയമായി.
ആവേശം നിറഞ്ഞ പോരില്‍ 42ാം മിനിറ്റിലാണ് മണിപ്പൂരി താരം ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയിലെ 46, 68 മിനിറ്റിലും ഗോള്‍ നേടി സെമിന്‍ലന്‍ ഡോന്‍ഗല്‍ ചെന്നൈയിനെ ഞെട്ടിക്കുകയായിരുന്നു. എതിരാളികളുടെ ആശ്വാസ ഗോള്‍ ഇനീഗോ കാല്‍ഡറോണിന്റെ ബൂട്ടില്‍ നിന്നാണ്. ഐഎസ്എല്ലില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ചെന്നൈയിനെതിരെ ഒമ്പതാം സ്ഥാനത്ത് നില്ക്കുന്ന നോര്‍ത്ത് ഈസ്റ്റ് നേടിയത് അട്ടിമറി വിജയമാണ്.