ഐ.എസ്.എല്‍; എഫ്‌സി ഗോവ ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും

പനാജി: ഐഎസ്എല്ലില്‍ എഫ്‌സി ഗോവ ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. വിജയവഴിയിലെത്താനാണ് ഗോവയും ഒഡിഷയും നേര്‍ക്കുനേര്‍ വരുന്നത്.

പതിനഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ 14 പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ് ഗോവ. അവസാന അഞ്ച് കളിയില്‍ ഒറ്റ ജയം മാത്രം. രണ്ടുവീതം സമനിലയും തോല്‍വിയും. സീസണില്‍ ആകെ മൂന്ന് കളിയില്‍ ജയിച്ച ഗോവ 17 ഗോള്‍ നേടിയപ്പോള്‍ 23 ഗോള്‍ വഴങ്ങി. 13 കളിയില്‍ 17 പോയിന്റുള്ള ഒഡിഷ എട്ടാം സ്ഥാനത്ത്. അവസാന അഞ്ച് കളിയില്‍ രണ്ട് തോല്‍വി രണ്ട് ജയം ഒരു സമനില. 22ഗോള്‍ നേടിയപ്പോള്‍ 27 ഗോള്‍ വഴങ്ങി.

ആദ്യപാദത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു. ഇരുടീമും പതിനേഴ് കളിയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഗോവ പതിനൊന്നിലും ഒഡിഷ മൂന്നിലും ജയിച്ചു. മൂന്ന് കളി സമനിലയില്‍ അവസാനിച്ചു. ഗോവ ആകെ നേടിയത് 36 ഗോളെങ്കില്‍ ഒഡിഷ 20 ഗോളുകള്‍.

Top