കാണികളില്ലെങ്കിലും ആവേശപോരാട്ടം; ഐഎസ്എല്‍ ഫൈനലില്‍ എടികെയ്ക്ക് കിരീടം

മഡ്ഗാവ്: കാണികളില്ലെങ്കിലും ആവേശമൊട്ടും ചോരാതെ കളിച്ച ഐഎസ്എല്‍ ഫൈനലില്‍ ചെന്നൈയിന്‍ എഫ്‌സിയെ വീഴ്ത്തി എടികെയ്ക്ക് കിരീടം. മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് എടികെയുടെ വിജയം.

ജാവി ഹെര്‍ണാണ്ടസിന്റെ ഇരട്ടഗോളാണ് എടികെയ്ക്ക് വിജയം സമ്മാനിച്ചത്. 10, 90+3 മിനിറ്റുകളിലായിരുന്നു ഹെര്‍ണാണ്ടസിന്റെ ഗോളുകള്‍. എഡു ഗാര്‍സ്യയുടെ (48) വകയാണ് എടികെയുടെ മൂന്നാം ഗോള്‍. നെരിയൂസ് വാല്‍സ്‌കിസിന്റെ (69) വകയായിരുന്നു ചെന്നൈയിന്റെ ആശ്വാസഗോള്‍.

എടികെയുടെ മൂന്നാം ഐഎസ്എല്‍ കിരീടമാണിത്. ഇതോടെ, ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന നേട്ടവും എടികെ സ്വന്തമാക്കി. ഇതുവരെ ചെന്നൈയിന്‍ എഫ്‌സിയുമായി പങ്കുവച്ച നേട്ടമാണ് ഈ വിജയത്തോടെ അവര്‍ ഒറ്റയ്ക്ക് സ്വന്തമാക്കിയത്. എതിര്‍ ഗോള്‍മുഖത്ത് തുടര്‍ച്ചയായി സംഭവിച്ച പിഴവുകളാണ് ചെന്നൈയിന്‍ എഫ്‌സിക്ക് തിരിച്ചടിയായത്.

Top