കൊച്ചി: കൊച്ചിയുടെ മണ്ണില്‍ ഐ.എസ്.എല്‍ സൂപ്പര്‍ ലീഗിന് തിരി നാലാം പതിപ്പിന് തെളിഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെ നിരവധി താരങ്ങള്‍ നിറഞ്ഞ ഉദ്ഘാടന ചടങ്ങ് കൊച്ചിയിലെ ആരാധക കൂട്ടത്തെ ആവേശത്തിലാക്കി.
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളോടെ തുടങ്ങിയ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ഗാലറിയെ മഞ്ഞക്കടലാക്കി രൂപപ്പെടുത്തിയെത്തിയ പതിനായിരങ്ങള്‍ സാക്ഷിനിന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, ചലച്ചിത്ര താരം മമ്മൂട്ടി, ഐ.എസ്.എല്‍ സ്ഥാപക ചെയര്‍പേഴ്‌സന്‍ നിത അംബാനി എന്നിവര്‍ ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്, എ.ടി.കെ കൊല്‍ക്കത്ത ടീമുകളുടെ ക്യാപ്റ്റന്‍മാരായ സന്ദേശ് ജിംഗാന്‍, ജോര്‍ഡി ഫിഗറസ് മൊണ്ഡല്‍ എന്നിവരും വേദിയിലെത്തി.
സച്ചിന്‍ സ്റ്റേഡിയത്തില്‍ എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. ‘എന്തൊക്കെയുണ്ട് വിശേഷങ്ങള്‍’ എന്ന് മലയാളത്തില്‍ ചോദിച്ച് സച്ചിന്‍ കൊച്ചിയുടെ ഹൃദയം കവര്‍ന്നു.
സച്ചിന് പിന്നാലെ നിതാ അംബാനിയും മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടിയും വേദിയിലെത്തി. കരഘോഷത്തിനോടൊപ്പം ഫുട്‌ബോള്‍ കൈയ്യിലേന്തിയായിരുന്നു മമ്മൂട്ടി വേദിയിലെത്തിയത്.