തിരുവനന്തപുരം: ചെന്നൈയിനെതിരെ വമ്പന്‍ ജയം നേടിയ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പ്രശംസിച്ച് ഐഎം വിജയന്‍. ഉഗ്രന്‍ ജയം, ഉശിരന്‍ ജയം എന്നൊന്നും വിശേഷിപ്പിച്ചാല്‍ മതിയാകില്ല. പൊളിച്ചടുക്കിയെന്നു വേണം പറയാന്‍. പ്രതിരോധത്തിന്റെ മികവില്‍ ബ്ലാസ്റ്റേഴ്‌സിനെ പൂട്ടിക്കളയുമെന്നു വീമ്പിളക്കിയ ചെന്നൈയിനെ പൊരിച്ചെടുത്തു കേരളത്തിന്റെ ചുണക്കുട്ടന്‍മാരെന്ന് വിജയന്‍ പറഞ്ഞു.
സ്പാനിഷ്-അര്‍ജന്റീന-യുറഗ്വായ് ത്രയമാണ് ഇക്കുറി ബ്ലാസ്റ്റേഴ്‌സിന്റെ തുറുപ്പുചീട്ട്. അല്‍വാരോ വാസ്‌കെസും ഹോര്‍ഹെ പെരേരയും അഡ്രിയന്‍ ലൂണയും ചേരുന്ന ആക്രമണക്കൂട്ട് എതിരാളികളുടെ ഏതു പൂട്ടും പൊളിക്കുമെന്നതിന് അടിവരയിടുന്നതാണ് ഈ ജയം.
സഹലിനെക്കുറിച്ചും പറയാതെ വയ്യ. വുക്കൊമനോവിച്ചിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്‌സിനുണ്ടായ ഉണര്‍വിനു സമാനമാണു സഹലിന്റെ കാര്യത്തിലും. ലീഗിലെ വിദേശതാരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലവാരത്തിലാണു പയ്യന്റെ ഇപ്പോഴത്തെ പ്രകടനം.
വിജയവും പ്രകടനവും കണ്ട് ആഹ്ലാദിക്കുമ്പോഴും ഒരു ചെറിയ സങ്കടം ബാക്കിയാണ്. അതു ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഓര്‍ത്താണ്. ഈ കളികള്‍ നേരില്‍ കാണാന്‍ അവര്‍ക്കു ഭാഗ്യം ഉണ്ടായില്ലല്ലോ.
നഷ്ടം കാണികളുടേതു മാത്രമല്ല, കോച്ചിന്റെയും കളിക്കാരുടേതും കൂടിയാണ്. ഇതുപോലുള്ള മാസ് പ്രകടനവും കഴിഞ്ഞു കൊച്ചി സ്റ്റേഡിയത്തിലെ ആവേശക്കൂട്ടത്തിനു നേര്‍ക്കു നിന്നു ‘വൈക്കിങ് ക്ലാപ്പ്’ അടിക്കാനുള്ള അവസരമാണു ബ്ലാസ്റ്റേഴ്‌സിനു നഷ്ടമായത്. ഹോ..എന്തൊരു നിമിഷമായിരുന്നേനെ അതെന്ന് വിജയന്‍ പറയുന്നു.