കൊച്ചി: ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. സീസണിലെ ആദ്യ റൗണ്ട് മത്സരത്തില്‍ നടന്നവയ്‌ക്കെല്ലാം സ്വന്തം സ്റ്റേഡിയത്തില്‍ മറുപടി നല്‍കണം. വിജയത്തോടെ ക്രിസ്മസ് ആഘോഷമാക്കണം. മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ മനസില്‍ ഈ രണ്ട് ലക്ഷ്യങ്ങളുണ്ട്.
പരിക്കേറ്റ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഇല്ലാത്തത് ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. ലൂണയുടെ അഭാവം പഞ്ചാബിനെതിരായ മത്സരത്തില്‍ പ്രകടമായിരുന്നു. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് ഇവാന്‍ വുകാമനോവിച്ച് തിരിച്ചെത്തുന്നത് കൊമ്പന്മാരുടെ ആത്മവിശ്വാസം ഉയര്‍ത്തും. ദിമിത്രിയോസ് ഡയമന്റക്കോസും ക്വാമി പെപ്രയും പ്രബീര്‍ ദാസുമെല്ലാം കളം അറിഞ്ഞ് കളിച്ചാല്‍ ജയം ഉറപ്പാണ്.
നിലവിലത്തെ ചാമ്പ്യന്മാരായ മോഹന്‍ ബഗാനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് മുംബൈ സിറ്റി. എങ്കിലും മോഹന്‍ ബഗാനെതിരെ ചുവപ്പ് കാര്‍ഡ് കണ്ട ഗ്രെഗ് സ്റ്റുവര്‍ട്ട്, ആകാശ് മിശ്ര, വിക്രം പ്രതാപ് സിംഗ്, രാഹുല്‍ ഭേക്കേ എന്നിവര്‍ മുംബൈ നിരയില്‍ ഉണ്ടാകില്ല. നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മുംബൈയ്ക്കാണ് മുന്‍തൂക്കം. പരസ്പരം ഏറ്റുമുട്ടിയ 19ല്‍ ഒമ്പതും മുംബൈ ജയിച്ചു. ബ്ലാസ്റ്റേഴ്‌സ് നാലെണ്ണം ജയിച്ചപ്പോള്‍ ആറെണ്ണം സമനിലയിലായി.