ഐഎസ്എല്‍; ഹൈദരാബാദ് എഫ്സിയെ മുട്ടുകുത്തിച്ച് എഫ്സി ഗോവ

ഫറ്റോര്‍ഡ: ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയെ തോല്‍പ്പിച്ച് എഫ്സി ഗോവ. ഫറ്റോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ 4-1 എന്ന സ്‌കോര്‍ നേടിയാണ് എഫ്സി ഗോവ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയത്.

ഈ ജയത്തോടെ ഗോവ പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. മത്സരത്തില്‍ ഹ്യൂഗോ ബൗമസും ഫെറാന്‍ കോറോയും ഇരട്ടഗോളുകള്‍ നേടിയാണ് മിന്നുന്ന വിജയം നേടിയത്.

ഹൈദരാബാദിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത് മാര്‍സെലീഞ്ഞോയാണ്. 64ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെയായിരുന്നു താരം ഗോള്‍ നേടിയത്. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാംസ്ഥാനത്ത് എത്തി. ഗോവയ്ക്ക് 33 പോയിന്റും ഒരു മല്‍സരം കുറച്ചു കളിച്ച എടിക്കെയ്ക്കു 30 പോയിന്റാണ് ഉള്ളത്.

Top