ജംഷഡ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ് മുന്നോടിയായി പുതിയ പരിശീലകനെ നിയമിച്ച് ജംഷഡ്പൂര്‍ എഫ്സി. ചെന്നൈയിന്‍ എഫ്സിയുടെ പരിശീലകനായിരുന്ന ഓവന്‍ കോയലിനെ ടീമിലെത്തിച്ചാണ് ജംഷഡ്പൂര്‍ തന്ത്രം മെനയുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് സ്‌കോട്ലന്‍ഡുകാരനായ കോയല്‍ ജംഷഡ്പൂരിലെത്തുന്നത്.
സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഇറിയോന്‍ഡോയുടെ പകരക്കാരനായാണ് കോയലെത്തുന്നത്. അവസാന മൂന്ന് സീസണിലും പ്ലേ ഓഫില്‍ എത്തുന്നതില്‍ ജംഷഡ്പൂര്‍ പരാജയപ്പെട്ടതോടെ സൂപ്പര്‍ പരിശീലകനെ ഒപ്പം കൂട്ടി ക്ലബ്ബ് പുതിയ പ്രതീക്ഷകള്‍ നെയ്യുന്നത്. ഫുട്ബോള്‍ താരമെന്ന നിലയിലും പരിശീലകനെന്ന നിലയിലും അനുഭവസമ്പത്തുള്ള താരമാണ് കോയല്‍.
2019 സീസണിന്റെ പകുതിയിലാണ് അദ്ദേഹം ചെന്നൈയിനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അറ്റാക്കിങ് ഫുട്ബോള്‍ ശൈലിയെ സ്നേഹിക്കുന്ന അദ്ദേഹം കഴിഞ്ഞ സീസണില്‍ ചെന്നൈയിനെ ഫൈനലിലെത്തിച്ചു. സെമിയില്‍ എഫ്സി ഗോവയെ രണ്ട് പാദങ്ങളിലും തകര്‍ത്തതിന് പിന്നില്‍ കോയലെന്ന 54കാരന്റെ തന്ത്രങ്ങളായിരുന്നു. ചെന്നൈയിന്‍ അദ്ദേഹത്തെ നിലനിര്‍ത്തണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ ചെന്നൈ തയ്യാറാകാതെ വന്നതോടെയാണ് ക്ലബ്ബ് വിട്ടത്.