ഐഎസ്എല്‍; സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിയത് സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടന്ന്‌

കൊച്ചി: ഫുട്‌ബോള്‍ ആരാധകര്‍ക്കു വളരെ നിരാശ നല്‍കിയതായിരുന്നു ഫിഫ അണ്ടര്‍17 ലോകകപ്പ്. സ്ഥലപരിമിതിമൂലം ആരാധകര്‍ക്കു കളി നേരില്‍ കാണാനുള്ള അവസരം നഷ്ടമായിരുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് 29000 കാണികളെ മാത്രം ഉള്‍കൊള്ളുന്ന കലൂര്‍ സ്‌റ്റേഡിയത്തിന്റെ നിയമങ്ങള്‍ ഒന്നുംതന്നെ തെറ്റിക്കാന്‍ ഫിഫ തയ്യാറായിരുന്നില്ല.

അതേസമയം ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സ്റ്റേഡിയത്തിലെത്തിയ കാണികളുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണെന്നാണു വിവരം. കണക്കനുസരിച്ചു ഓരോ മത്സരത്തിലും അരക്ഷത്തിലേറെ കാണികളാണു ഗ്യാലറിയിലിരുന്നു കളി കണ്ടത്.

അണ്ടര്‍17 ലോകകപ്പിനായി ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം നവീകരിച്ചതോടെ ഗ്യാലറിയിലെ സീറ്റുകളുടെ എണ്ണം 39,000 ആയി കുറഞ്ഞിരുന്നു.

മാത്രമല്ല കാണികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്റ്റേഡിയത്തിലെ കച്ചവട സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിപ്പിക്കുകയും ചെയ്തു.

29000 പേര്‍ക്കാണ് ലോകകപ്പ് കാണാന്‍ പ്രവേശനം അനുവദിച്ചിരുന്നത്. അടിയന്തിരഘട്ടത്തില്‍ വാതിലുകളിലൂടെ പുറത്തുപോകാന്‍ കഴിയുന്നവരുടെ എണ്ണം , അത്യാഹിതം സംഭവിച്ചാല്‍ കാണികളെ ഒഴിപ്പിക്കാനുള്ള സംവിധാനം എന്നിവ വിശദമായി പഠിച്ചതിന് ശേഷമാണ് ഫിഫ സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയത്.

എന്നാല്‍ കച്ചവടത്തിലൂടെ മാത്രമല്ല സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളെയും മറികടന്നിരിക്കുകയാണ് ഐഎസ്എല്‍. കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതരുടെ നിയമലംഘത്തിന് ഭരണകൂടവും നിയമപാലകരും മൗനം പാലിച്ചിരിക്കുകയാണ്.

Top