ഇസ്ലാമാബാദ്: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളെ എത്രയും വേഗം രാജ്യത്തേക്ക് കൊണ്ടു പോകണമെന്ന ചൈനയിലെ പാകിസ്ഥാന്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന തള്ളി പാക് അധികൃതര്‍.
കൊറോണ ചികിത്സക്ക് പാകിസ്ഥാനില്‍ സൗകര്യമില്ലെന്നും അതിനാല്‍ ചൈനയിലുള്ള വിദ്യാര്‍ഥികള്‍ അവിടെ തുടരണമെന്നും ചൈനയിലെ പാക് സ്ഥാനപതി നഗ്മാനാ ഹാഷ്മി നിര്‍ദേശിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ മേഖലയില്‍ നിന്ന് ആരേയും പുറത്തുപോവാന്‍ അനുവദിക്കുന്നില്ല. നിയന്ത്രണങ്ങള്‍ നീക്കിയാല്‍ ഞങ്ങളാവും അവരുടെ അടുത്ത് ആദ്യമുണ്ടാവുക -നഗ്മാന ഹാഷ്മി പറഞ്ഞു. ചൈനയിലുള്ള അഞ്ച് പാക് വിദ്യാര്‍ഥികള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ത്യക്കാരായ 600ലേറെ പേരെ ന്യൂഡല്‍ഹിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെ, തങ്ങളെയും സ്വദേശത്തേക്ക് കൊണ്ടുപോകാന്‍ ചൈനയിലെ പാക് വിദ്യാര്‍ഥികള്‍ അഭ്യര്‍ഥിച്ചിരുന്നു.
ചൈനയിലാണ് കൊറോണ വൈറസ് ബാധ ചികിത്സിക്കാന്‍ ഏറ്റവും മെച്ചപ്പെട്ട സൗകര്യമുള്ളതെന്നും പാകിസ്ഥാനില്‍ ചികിത്സ ലഭ്യമല്ലെന്നും നഗ്മാനാ ഹാഷ്മി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണത്തിന്റെയും മറ്റ് അവശ്യവസ്തുക്കളുടെയും ലഭ്യതക്കുറവ് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.