ന്യൂഡല്‍ഹി: മലേഷ്യയിലെ ഹിന്ദു വിഭാഗങ്ങള്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ ഇസ്ലാം മതപ്രസംഗകന്‍ സാക്കിര്‍ നായിക്കിന് മലേഷ്യയില്‍ പ്രഭാഷണം നടത്തുന്നതിന് വിലക്ക്. മതവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രിയടക്കം രംഗത്തെത്തിയിരുന്നു.
മതവിദ്വേഷം വളര്‍ത്തുന്നതാണ് സാക്കിറിന്റെ വാക്കുകളെന്നും രാജ്യത്ത് വിദ്വേഷം വളര്‍ത്തുന്നതിന് അനുവദിക്കില്ലെന്നും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ ബിന്‍ മുഹമ്മദ് പ്രതികരിച്ചു. ‘സാക്കിര്‍ നായിക്ക് വര്‍ഗീയ മനോഭാവം വളര്‍ത്തുന്ന രാഷ്ട്രീയത്തിനാണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. വിദ്വേഷം വളര്‍ത്താന്‍ അദ്ദേഹം ശ്രമിക്കുന്നു. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം,’ അദ്ദേഹം ആവശ്യപ്പെട്ടു.
ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെയാണ് ഹിന്ദുക്കള്‍ക്കും ചൈനീസ് വംശജര്‍ക്കുമെതിരേ സാക്കിര്‍ നായിക്ക് വംശീയപരാമര്‍ശം നടത്തിയത്.
‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങളാണ് മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുള്ളതെന്നുമായിരുന്നു നായിക്കിന്റെ വിവാദപരാമര്‍ശം.
ഇന്ത്യക്കാരനായ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി മലേഷ്യയിലാണ് താമസം. ഇദ്ദേഹത്തിന് മലേഷ്യന്‍ പൗരത്വവുമുണ്ട്.