ജനീവ: മൊസൂളില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ ഒരു ലക്ഷത്തിലധികം സാധാരണക്കാരെ മനുഷ്യകവചമാക്കി ഉപയോഗിക്കുന്നുവെന്ന് ഐക്യരാഷ്ട്രസംഘടന.
സമീപമുള്ള നഗരങ്ങളില്‍ നിന്ന് ബലം പ്രയോഗിച്ച് സാധാരണ ജനങ്ങളെ പിടികൂടി മൊസൂളില്‍ എത്തിക്കുകയാണ് ചെയ്യുന്നതെന്ന് ഇറാഖിലെ യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ പ്രതിനിധി ബ്രൂണോ ഗെഡോ പറഞ്ഞു.
ഇവിടെ കഴിയുന്നവരുടെ അവസ്ഥ വളരെ മോശമാണ്. ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയവയ്ക്ക് വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. ജനങ്ങളെ എത്തിച്ചിരിക്കുന്ന മൊസൂളിലെ സ്ഥലങ്ങള്‍ക്ക് ചുറ്റും ഏറ്റുമുട്ടല്‍ നടക്കുകയാണെന്നും അവിടെയുള്ളവര്‍ പരിഭ്രാന്തരാണെന്നും ബ്രൂണോ ഗെഡോ വ്യക്തമാക്കി.
അതേസമയം മൊസൂളില്‍ ഐഎസ് ഭീകരര്‍ തടവിലാക്കിയ 39 ഇന്ത്യക്കാരും ജീവനോടെയുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചു. എല്ലാ രാജ്യങ്ങളോടും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.
ഇറാഖിലെ പ്രശ്‌നബാധിത മേഖലയിലാണ് ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നത്. 2014-ല്‍ ആണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ബന്ദികളാക്കിയ ഇന്ത്യക്കാരെ വിട്ടുകിട്ടാന്‍ ഒരു തരത്തിലുള്ള ആവശ്യവും ഐഎസ് ഭീകരര്‍ ഇതുവരെ ഉന്നയിച്ചിട്ടില്ല.
2014-ല്‍ ആണ് ഐഎസ് മൊസൂളിന്റെ നിയന്ത്രണം നേടിയത്. ഇത് തിരിച്ചുപിടിക്കാന്‍ ഇറാഖിസേന കനത്ത പോരാട്ടത്തിലാണ്. യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയും ഐഎസിനെതിരായ പോരാട്ടത്തിലുണ്ട്. സൈന്യം ഓരോ സ്ഥലങ്ങളും നിയന്ത്രണത്തിലാക്കുമ്പോള്‍ അവിടെ നിന്ന് പിന്‍വാങ്ങുന്ന ഐഎസ് ഭീകരര്‍ സാധാരണക്കാരെ പിടിച്ചെടുത്താണ് പിന്‍വാങ്ങുന്നത്. ഇവരെയാണ് മനുഷ്യവചമാക്കി ഉപയോഗിക്കുന്നത്.