ന്യൂഡല്‍ഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ദംഗല്‍ താരം സൈറ വസീമിനെ വധിക്കുമെന്ന് ഭീഷണി. ശ്രീനഗറില്‍ മുഖംമൂടി ധരിച്ചിരിക്കുന്ന ഒരുകൂട്ടം യുവാക്കള്‍ സൈറയ്‌ക്കെതിരെ ഭീഷണി മുഴക്കുന്ന പോസ്റ്ററുകളുമായി നില്‍ക്കുന്ന ചിത്രം എഎന്‍ഐ പുറത്തുവിട്ടു.
ശ്രീനഗറില്‍ നിന്നുള്ള ചിത്രങ്ങളാണിതെന്ന് എഎന്‍ഐ കുറിയ്ക്കുന്നു. സൈറയും ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രമാണ് പോസ്റ്ററില്‍.
ദംഗലില്‍ ഗീതാ ഫോഗട്ടിന്റെ ബാല്യകാലം അവതരിപ്പിച്ച സൈറ, മെഹബൂബ മുഫ്തിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കേണ്ട ആവശ്യകതയെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചുമാണ് സംസാരിച്ചത്. മാത്രമല്ല, കശ്മീരി യുവതയ്ക്ക് പിന്തുടരാന്‍ പറ്റിയ മാതൃകയാണ് സൈറയെന്ന് മെഹബൂബ പറയുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ സൈറക്കെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.
അനിസ്ലാമികമായ രീതിയില്‍ വസ്ത്രം ധരിക്കുകയും സിനിമയില്‍ അഭിനയിക്കുകയും ചെയ്ത സൈറ എങ്ങിനെ യുവജനങ്ങള്‍ക്ക് മാതൃകയാകും എന്നതായിരുന്നു പരിഹാസത്തിലേറെയും.
തന്റെ പ്രവൃത്തികള്‍ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ മാപ്പ് തരണമെന്ന് ആവശ്യപ്പെട്ട് സൈറ ട്വിറ്ററില്‍ കുറിക്കുകയും പിന്നീടത് നീക്കം ചെയ്യുകയും ചെയ്തിരുന്നു. സൈറയ്ക്ക് പിന്തുണയേകി സിനിമാ രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖര്‍ രംഗത്ത് വന്നിരുന്നു.