ബഗ്ദാദ്:ഐഎസില്‍ നിന്ന് ഇറാഖി സേന മൊസൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ ഭീതിജനകമായ വാര്‍ത്തകളും പുറത്തുവന്നു.
ഐ എസ് തങ്ങളുടെ ശത്രുക്കളെയും ക്രിസ്ത്യാനികളെയും ജൂതന്മാരെയും കൂട്ടക്കൊല ചെയ്തു മറവുചെയ്തിരുന്ന വലിയ കുഴിമാടം കണ്ടെത്തി. വിമാനത്താവളത്തിന് അഞ്ചു മൈല്‍ തെക്കുപടിഞ്ഞാറാണ് നൂറടിയോളം വലിപ്പമുള്ള ഗുഹയ്ക്ക് സമാനമാണ് കുഴിമാടം.
ബന്ദികളെ കുഴിമാടത്തിനു സമീപം നിരത്തിനിര്‍ത്തി വെടിവച്ചു കൊലപ്പെടുത്തിയിരുന്നതായി സമീപവാസികള്‍ വെളിപ്പെടുത്തുന്നു. ചിലരെ ജീവനോടെ കുഴിയിലേക്കു വലിച്ചെറിയാറുണ്ടായിരുന്നെന്നും ചിലപ്പോള്‍ കൂട്ടത്തോടെ ശവശരീരങ്ങള്‍ കൊണ്ടുവന്നു കുഴിയിലേക്കു തള്ളാറുണ്ടായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു.
രണ്ടര വര്‍ഷത്തോളം ഐഎസിന്റെ നിയന്ത്രണത്തിലായിരുന്നു മൊസൂള്‍ നഗരം. കൂടുതല്‍ പരിശോധന നടത്തിയെങ്കില്‍ മാത്രമേ ഇവിടുത്തെ നാശനഷ്ടങ്ങള്‍ കണക്കാനാവൂവെന്ന് അധികൃതര്‍ പറഞ്ഞു.
2014 ല്‍ ആണ് മൊസൂളില്‍ ഇസ്‌ലാമിക രാഷ്ട്രം നിലവില്‍ വന്നതായി ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി പ്രഖ്യാപിച്ചത്. മൊസൂള്‍ തിരിച്ചുപിടിക്കാന്‍ യുഎസ് അടക്കമുള്ള വിദേശ രാജ്യങ്ങളുടെ സഹായത്തോടെ ഇറാഖ് സൈന്യം ഒക്ടോബര്‍ 17 നാണ് അതിശക്തമായ ആക്രമണം തുടങ്ങിയത്.
നഗരത്തിന്റെ കിഴക്കന്‍ ഭാഗം ജനുവരിയില്‍ പിടിച്ചടക്കിയിരുന്നു. വടക്കന്‍ മൊസൂളിനെ ലക്ഷ്യമിട്ടു ഫെബ്രുവരിയില്‍ തുടങ്ങിയ ആക്രമണം ഇപ്പോഴും തുടരുകയാണ്. വടക്കന്‍ മൊസൂള്‍ കൂടി തിരിച്ചുപിടിച്ചാല്‍ ഇറാഖ് പൂര്‍ണമായും ഐഎസില്‍നിന്നു സ്വതന്ത്രമാകും.
ഫെബ്രുവരിയിലെ ആക്രമണം തുടങ്ങുന്ന സമയത്ത് മൊസൂളില്‍ ഏഴര ലക്ഷം പൗരന്മാര്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്.
ഇറാഖ് സൈനികര്‍, കുര്‍ദിഷ് പോരാളികള്‍, ഇറാന്‍ പരിശീലനം നല്‍കിയ ഷിയ സൈനികര്‍ എന്നിവരടക്കം ഒരു ലക്ഷം പോരാളികളാണ് ഇസ്‌ലാമിക് സ്റ്റേറ്റിനെ നേരിടുന്നത്. ആയിരക്കണക്കിന് ഐഎസ് ഭീകരര്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്.