തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്ന് കേരളത്തിലും മാഹിയിലും മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. എട്ട് അണക്കെട്ടുകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
ശക്തമായ മഴയില്‍ വിവിധ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, വയനാട്, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട് ജില്ലകള്‍ വെള്ളപ്പൊക്ക ബാധിതമെന്ന് കേന്ദ്ര ജല കമ്മീഷന്‍ അറിയിപ്പ് നല്‍കിയിരിക്കുന്നു. മഴയുടെ തുടരുന്ന പശ്ചാത്തലത്തില്‍ പെരിയാര്‍, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റ്യാടി നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയതായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്നതോടെ ഇന്ന് മുതല്‍ ബുധനാഴ്ച വരെ മധ്യ ഇന്ത്യയിലും വടക്കേ ഇന്ത്യയിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതായും മുന്നിറിയിപ്പുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് തീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒഡിഷ തീരത്ത് ഇന്ന് ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. കേരളാതീരത്ത് കാറ്റിന്റെ വേഗം 60 കി.മീ. വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.