ഗാസയിലേക്ക് ഓരോ രണ്ട് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേല്‍

ഗാസയിലേക്ക് ഓരോ രണ്ട് ദിവസവും രണ്ട് ട്രക്ക് ഇന്ധനം അനുവദിച്ച് ഇസ്രയേല്‍.മൂന്ന് ദിവസം മുന്‍പാണ് യുദ്ധത്തിനിടെ ആദ്യമായി ഗാസയിലേക്ക് ഇന്ധന ടാങ്കര്‍ കടക്കാന്‍ ഇസ്രയേല്‍ അനുമതി നല്‍കുന്നത്. എന്നാല്‍, യുഎന്‍ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മാത്രമായിരുന്നു അന്ന് ഇന്ധന ടാങ്കറുകള്‍ ഗാസയിലേക്ക് അനുവദിച്ചത്. ആഴ്ചകള്‍ക്ക് മുന്‍പുതന്നെ ഇന്ധന ടാങ്കറുകള്‍ ഗാസയിലേക്ക് എത്തിക്കുന്നതിനുള്ള കരാര്‍ ഇസ്രയേല്‍ അംഗീകരിച്ചിരുന്നെങ്കിലും ഗാസയില്‍ ഇന്ധനക്ഷാമം രൂക്ഷമായിട്ടില്ലെന്നും ഹമാസ് ബന്ദിയാക്കിയവരെ വിട്ടയക്കാനുള്ള ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണെന്നുമായിരുന്നു കരാര്‍ നടപ്പാക്കല്‍ വൈകിപ്പിക്കലിന് ഇസ്രയേല്‍ നല്‍കിയ മറുപടി.

ഇന്ധനത്തിന്റെ അഭാവം മൂലം ഏജന്‍സിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരുമെന്ന് തുടര്‍ച്ചയായി യുഎന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലേക്ക് അനുവദിച്ച ടാങ്കറുകള്‍ അടിസ്ഥാനസൗകര്യമില്ലാതെ വലയുന്ന ജനങ്ങള്‍ക്ക് ‘ചെറിയതോതി’ലുള്ള ആശ്വാസം ആകും എന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥരുടെ വാദം.

രണ്ടുദിവസമായി ഗാസയിലേക്ക് ട്രക്കുകള്‍ എത്തിയിരുന്നില്ല. മൂന്ന് ഇന്ധന ട്രക്കുകള്‍ ഗാസയിലേക്ക് കടക്കാന്‍ തയാറാണെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിരുന്നെങ്കിലും അനുവാദം ലഭിച്ചിരുന്നില്ല. തുടര്‍ന്ന്, യുദ്ധമുഖത്തില്‍ ദുരിതമനുഭവിക്കുന്ന മനുഷ്യരുടെ ദുരിതാവസ്ഥ കണക്കിലെടുത്തും ഭക്ഷ്യവിതരണം ഉള്‍പ്പെടെ തടസപ്പെട്ടതോടെ ക്ഷാമമുണ്ടായേക്കുമെന്ന മുന്നറിയിപ്പും നല്‍കിയതിന്റെ ഫലമായാണ് ഇപ്പോള്‍ ഗാസയിലേക്ക് ഇന്ധന ടാങ്കറുകള്‍ ഇസ്രയേല്‍ അനുവദിച്ചിരിക്കുന്നത്.

 

Top