രാമല്ല: ഇസ്രായേല്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി സൈന്യം നടത്തിയ ആക്രമണത്തിലാണ് നാല് പലസ്തീന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടത്.
ഇസ്രായേലില്‍ കാറിലെത്തിയാള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സൈന്യത്തിന്റെ ആക്രമണം. ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ രാമല്ല നഗരം പട്ടാളക്കാര്‍ സൈനിക മേഖലയാക്കി പ്രഖ്യാപിക്കുകയും ചെയ്തു. മേഖലയില്‍ പരിശോധന ശക്തമാക്കിയതായും ഇസ്രായേല്‍ സൈന്യം അറിയിച്ചു.
അതിനിടെ അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിര്‍മിച്ച ജ്യൂവിഷ് സെറ്റില്‍മെന്റുകള്‍ക്ക് അനുമതി നല്‍കുമെന്ന സൂചന നല്‍കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഇസ്രായേല്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.