ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം ആറാം ആഴ്ചയിലേക്കേത്തിയതോടെ ഗാസയിലെ ആശുപത്രികളില്‍ ദുരിതമേറുന്നു. നൂറുകണക്കിന് രോഗികളും അഭയാര്‍ഥികളും നവജാതശിശുക്കളും കഴിയുന്ന ഗാസയിലെ പ്രധാന ആശുപത്രിയായ അല്‍-ഷിഫ ഇസ്രയേലി സൈന്യം വളഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ ദ ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ഇസ്രയേല്‍ നുഴഞ്ഞു കയറ്റം കുറയ്ക്കണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടു.
ഹമാസ് അല്‍-ഷിഫ ആശുപത്രിയുടെ മറവിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് പലതവണ ആരോപിച്ചിരുന്നു. എന്നാല്‍ ഹമാസ് ഐഡിഎഫിന്റെ ആരോപണങ്ങള്‍ പൂര്‍ണമായി നിരസിച്ചിരുന്നു. പലസ്തീന്‍ സായുധ സംഘങ്ങള്‍ ആശുപത്രികള്‍ ഉപയോഗിക്കരുതെന്നും ഇത്തരം അവകാശവാദങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതിനായി ഇസ്രയേല്‍ തിരഞ്ഞെടുക്കരുതെന്നും ഐക്യരാഷ്ട്ര സഭ നിര്‍ദേശിച്ചിരുന്നു.ആശുപത്രികള്‍ വളയുന്നതിന് മുന്‍പ് സാധാരണക്കാരോട് ഒഴിയാനും രോഗികളെ മറ്റൊരിടത്തേക്ക് മാറ്റാനും ഇസ്രയേല്‍ നിര്‍ദേശിച്ചിരുന്നു. ഗാസയിലെ ആശുപത്രികളെ മാത്രമല്ല ഐക്യരാഷ്ട്ര സഭയുടെ ഓഫിസുകളേയും ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ട്. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള യുഎന്നിന്റെ ഓഫീസ് തിങ്കളാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. യുഎന്നിന്റെ 101 സ്റ്റാഫുകളാണ് ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടത്.
ഗാസയിലെ മരണസംഖ്യ 11,000 കടന്നതോടെ ഇസ്രയേലിന് സഖ്യകക്ഷികളായ അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്ന് വെടിനിര്‍ത്തലിന് സമ്മര്‍ദമുണ്ട്. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 40 ശതമാനവും കുട്ടികളാണ്. ജനസംഖ്യയുടെ പകുതിയിലധികം പേരും ഭവനരഹിതരായെന്നും പലസ്തീന്‍ അധികൃതര്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങള്‍ മാനുഷിക വെടിനിര്‍ത്തലാവശ്യപ്പെട്ടുകൊണ്ട് സംയുക്ത പ്രസ്താവന പുറത്തിറക്കി.