ഗസ്സയില്‍ ഇസ്രയേല്‍ ‘അല്‍ ജസീറ’യടക്കം മാധ്യമ ഓഫിസുകള്‍ തകര്‍ത്തു; മരണം 140 ആയി

ജറൂസലം: ഗസ്സയില്‍ ‘അല്‍ ജസീറ’യടക്കം മാധ്യമ ഓഫിസുകള്‍ ഇസ്രയേല്‍ തകര്‍ത്തു. അല്‍ ജസീറ, അസോസിയേറ്റഡ് പ്രസ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്ന ഗസ്സയിലെ ബഹുനില കെട്ടിടമാണ് ഇസ്രായേല്‍ വ്യോമാക്രമണത്തിലൂടെ തകര്‍ത്തത്. കെട്ടിടം നാമാവശേഷമാക്കിയതായി ‘അല്‍ജസീറ’ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍ നിരവധി അപ്പാര്‍ട്ടുമെന്റുകളും മറ്റ് ഓഫിസുകളും ഉണ്ടായിരുന്നു.

ആക്രമണത്തില്‍ ആളപായമുണ്ടോയെന്നത് വ്യക്തമല്ല. ഇവിടെ കുടുംബങ്ങളും താമസിച്ചിരുന്നു. വ്യോമാക്രമണത്തിനു ഒരു മണിക്കൂര്‍ മുമ്പ് കെട്ടിടത്തിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്യ്തു. ഇസ്രായേല്‍ തിങ്കളാഴ്ച തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 39 കുട്ടികളും 22 സ്ത്രീകളും ഉള്‍പ്പെടെ 140 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസിന്റെ തിരിച്ചടിയില്‍ മലയാളി ഉള്‍പ്പെടെ എട്ട് പേര്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടു.

Top