ഇസ്രയേല്‍ തെക്കന്‍ ഗാസയിലെ റഫയില്‍ പ്രധാന പാര്‍പ്പിട സമുച്ചയം ബോംബിട്ടു തകര്‍ത്തു

ഗാസ: സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായതോടെ ഇസ്രയേല്‍ തെക്കന്‍ ഗാസയിലെ റഫയില്‍ പ്രധാന പാര്‍പ്പിട സമുച്ചയം ബോംബിട്ടു തകര്‍ത്തു. താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ മുന്നറിയിപ്പു നല്‍കിയ ശേഷമുള്ള ആക്രമണമായിരുന്നതിനാല്‍ ആര്‍ക്കും അപകടമില്ല. എന്നാല്‍, ഈജിപ്ത് അതിര്‍ത്തിയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള ഈ 12 നില കെട്ടിടം വാസയോഗ്യമല്ലാതായി. കരയാക്രമണത്തിന്റെ മുന്നോടിയായി ഈ ആക്രമണത്തെ കാണുന്നതിനാല്‍ റഫയില്‍ അഭയം തേടിയിട്ടുള്ള 15 ലക്ഷത്തോളം പലസ്തീന്‍കാര്‍ ഭീതിയിലാണ്. നാളെ ആരംഭിക്കുന്ന റമസാന്‍ നോമ്പിനു മുന്‍പ് വെടിനിര്‍ത്തലും ബന്ദി കൈമാറ്റവും സംബന്ധിച്ച് ധാരണയാകുമെന്ന പ്രതീക്ഷകളെല്ലാം കയ്‌റോ ചര്‍ച്ച പൊളിഞ്ഞതോടെ ഇല്ലാതായിരുന്നു. ഇന്നലെ 82 പേര്‍ കൂടി ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതോടെ ഇപ്പോഴത്തെ ഹമാസ്-പലസ്തീന്‍ സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം 30,960 ആയി.

ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുള്ള യുഎസ് ശ്രമം പുരോഗമിക്കുന്നു. ഇതു സുഗമമാക്കുന്നതിനായി ഗാസയില്‍ താല്‍ക്കാലിക തുറമുഖം നിര്‍മിക്കാന്‍ യുഎസ് സേനയ്ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കി. കഴിഞ്ഞദിവസം വിമാനത്തില്‍ നിന്നിട്ട ഭക്ഷണപാക്കറ്റുകള്‍ വീണ് ഗാസയില്‍ 5 പേര്‍ മരിച്ചതായി കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതതു ശരിയല്ലെന്ന് യുഎസ് സേന അറിയിച്ചു. റിപ്പോര്‍ട്ടില്‍ പറയുന്ന സ്ഥലത്തു ഭക്ഷണപാക്കറ്റുകള്‍ ഇടുന്നതിനും 5 മിനിറ്റ് മുന്‍പേ തന്നെ ഈ വാര്‍ത്ത പ്രചരിച്ചിരുന്നെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഇതേസമയം, ചെങ്കടലിലെ യുഎസ് പടക്കപ്പലുകള്‍ക്കു നേരെ ഹൂതികളുടെ ആക്രമണം തുടരുന്നു. ഏദന്‍ കടലിടുക്കില്‍ യുഎസിന്റെ കൂറ്റന്‍ ചരക്കു കപ്പല്‍ പ്രൊപ്പല്‍ ഫോര്‍ച്യൂണ്‍ ലക്ഷ്യമിട്ട 37 ഡ്രോണുകള്‍ വെടിവച്ചിട്ടതായി യുഎസ് സേന അറിയിച്ചു. ബ്രിട്ടിഷ് സേനയുടെ പടക്കപ്പലിനു നേരെയും ആക്രമണമുണ്ടായി.

Top