‘ഇതു വെറും ഏറ്റുമുട്ടൽ അല്ല… യുദ്ധമാണ്, ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും’; ഇസ്രയേൽ

ജറുസലം : ഗാസ മുനമ്പിൽ നിന്ന് വൻതോതിലുള്ള റോക്കറ്റാക്രമണത്തിനും ദക്ഷിണ മേഖലയിലേക്കുള്ള നുഴഞ്ഞുകയറ്റത്തിനുമിടെ യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. തങ്ങൾ ഇപ്പോൾ യുദ്ധത്തിലാണെന്നും ഇതിൽ വിജയിക്കുമെന്നും പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. ‘‘ഇസ്രയേൽ പൗരന്മാരേ, നമ്മൾ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടൽ അല്ല, സംഘർഷമല്ല, യുദ്ധമാണ്. നമ്മൾ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നൽകേണ്ടിവരും’’ നെതന്യാഹു വിഡിയോ സന്ദേശത്തിൽ പറഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി നെതന്യാഹു പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെത്തി.

സമീപകാലത്തെ ഏറ്റവും വലിയ സംഘർഷമാണ് ശനിയാഴ്ച രാവിലെ ആരംഭിച്ചത്. ഗാസയിൽനിന്നു പലസ്തീൻ അനുകൂല ഹമാസ് സംഘടന നടത്തിയ റോക്കറ്റാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തെക്കൻ ഗ്ഡെറോട്ട് മേഖലയിൽ നേരിട്ടുള്ള റോക്കറ്റാക്രമണത്തിൽ 60 വയസ്സുള്ള ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ഓപ്പറേഷൻ അൽ – അഖ്‌സ ഫ്ലഡ് എന്നു വിശേഷിപ്പിക്കുന്ന സൈനിക നീക്കം ഇസ്രയേലിനെതിരെ ആരംഭിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫാണ് പരസ്യ പ്രസ്താവനയിൽ അറിയിച്ചത്. ഇസ്രയേലിലേക്ക് 5000 റോക്കറ്റുകൾ വർഷിച്ചതായും ഡീഫ് അറിയിച്ചു.

കരമാർഗവും കടൽമാർഗവും ഹമാസ് പോരാളികൾ ഇസ്രയേലിൽ പ്രവേശിച്ചെന്നാണു വിവരം. സെൻട്രൽ ഗാസയിലും ഗാസ സിറ്റിയിലും സ്ഫോടനങ്ങളുണ്ടായി. ദക്ഷിണ ഇസ്രയേലില്‍ നുഴഞ്ഞുകയറിയ ഹമാസ് പോരാളികൾ വഴിയാത്രക്കാരെ ആക്രമിക്കുന്ന നിരവധി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ഡെറോത്തില്‍ വീടുകള്‍ ഹമാസ് പോരാളികൾ പിടിച്ചെടുത്തെന്നും ഒഫാകിം നഗരത്തിൽ ഇസ്രയേലികളെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. .

സംഘർഷത്തെ തുടർന്നു മധ്യ – തെക്കന്‍ ഇസ്രയേലിലെ വിമാനത്താവളങ്ങള്‍ അടച്ചു. ഇസ്രയേല്‍ സൈനികരെ ആക്രമിക്കുന്നതിന്റെയും സൈനിക വാഹനങ്ങള്‍ തീവയ്ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സൈനികരെ ബന്ദികളാക്കി പലസ്തീന്‍ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളും നേരത്തേ പുറത്തുവന്നിരുന്നു.

ആക്രമണത്തിനിടെ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) സൈനികന്റെ മൃതദേഹവുമായി ഹമാസ് പോരാളികൾ നടന്നുനീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതായി ടൈംസ് ഓഫ് ഇസ്രയേൽ ദിനപത്രം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ചു വ്യക്തതയില്ല. ഒരു ട്രക്കിൽനിന്ന് മൃതദേഹം പുറത്തെടുക്കുന്നതും ജനക്കൂട്ടം അതിനു ചുറ്റും തടിച്ചുകൂടുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഗുരുതരമായ തെറ്റാണ് ഹമാസ് നടത്തിയതെന്നും ഇസ്രയേലിനെതിരെ അവർ യുദ്ധം ആരംഭിച്ചിരിക്കുകയാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ശത്രുവിനെതിരെ എല്ലാ സ്ഥലങ്ങളിലും പോരാടുകയാണെന്നും സുരക്ഷാ നിർദേദേശങ്ങൾ പാലിക്കാൻ ഇസ്രയേൽ പൗരന്മാരോട് അഭ്യർഥിക്കുകയാണെന്നും ഈ യുദ്ധത്തിൽ ഇസ്രയേൽ രാഷ്ട്രം വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധത്തിനു തയാറാണെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഇസ്രയേലിലെ ജനങ്ങളെ ഐഡിഎഫ് സംരക്ഷിക്കുമെന്നും ഈ ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ഹമാസ് കനത്ത വില നൽകേണ്ടി വരുമെന്ന്ും ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകി. ഗാസ മുനമ്പിനു സമീപമുള്ള പട്ടണങ്ങളിലെ താമസക്കാരോട് ‘ടെന്റുകളിൽ തുടരാനും പൊതുജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്കു സമീപം തുടരാനും ഇസ്രയേൽ സൈന്യം നിർദേശം നൽകിയിട്ടുണ്ട്.

Top