പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് ഇസ്രയേല്‍

സ്രയേലിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പലസ്തീനികളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ് അധികൃതര്‍. രണ്ട് വര്‍ഷത്തിലേറെയായി ഇസ്രയേലിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു നൗറയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത വാര്‍ത്ത അല്‍ ജസീറയാണ് റിപ്പോര്‍ട്ട് ചെയ്തത്.

യുദ്ധഭൂമിയാണെങ്കിലും ആശുപത്രി സേവനമായതിനാല്‍ പതിവ് പോലെ ജോലിക്കെത്തിയതായിരുന്നു നൗറ. എന്നാല്‍ ഓഫീസില്‍ എത്തിയപ്പോള്‍ തന്നെ മാനേജര്‍ അവരെ വിളിപ്പിച്ചു. പലസ്തീന്‍കാരിയായ നൗറയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതായും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരികെ വരേണ്ടെന്നുമായിരുന്നു മാനേജറുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടുള്ള നടപടിയില്‍ അപമാനം തോന്നുന്നുവെന്നും ഇത് വിശ്വസിക്കാനാകുന്നില്ലെന്നും നൗറ പ്രതികരിച്ചു.

ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ 20 ശതമാനത്തോളം വരും അവിടെ വസിക്കുന്ന പലസ്തീനികള്‍. സുഹൃത്തുക്കള്‍ ശത്രുക്കളായി മാറുന്നത് തിരിച്ചറിയാന്‍ തുടങ്ങിയെന്നും താന്‍ വിവേചനം അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും നൗറ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ അനുകൂലിച്ചെന്നും അച്ചടക്ക കോഡ് ലംഘിച്ചുവെന്നും ആരോപിച്ചാണ് നൗറയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നാണ് ആശുപത്രി മാനേജ്മെന്റിന്റെ വിശദീകരണം. ഹിയറിംഗിന് വിളിച്ചപ്പോള്‍ തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്നും ആരോപിക്കപ്പെടുന്നത് പോലെ ഹമാസിനെ അനുകൂലിച്ച് താന്‍ സംസാരിച്ചിട്ടില്ലെന്നും നൗറ വ്യക്തമാക്കി.

നൗറയെ പോലെ നൂറുകണക്കിന് പേര്‍ക്കെതിരെ ഇസ്രയേലിലെ തൊഴില്‍ സ്ഥാപനങ്ങള്‍ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ പിരിച്ചുവിടല്‍ നേരിടുന്നതായി ഡസന്‍ കണക്കിന് പരാതികളാണ് ഇസ്രയേലിലെ അഭിഭാഷകര്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും തൊഴിലാളികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലോ സഹപ്രവര്‍ത്തകരുമായുള്ള സംഭാഷണങ്ങളുടെ പേരിലോ ആണ് സ്‌കൂളുകളും സര്‍വകലാശാലകളും മറ്റ് ജോലിസ്ഥലങ്ങളും പലസ്തീനികളെ പിരിച്ചുവിടുന്നത്.

Top