ഇസ്രായേലില്‍ പലസ്തീന്‍ സംഘര്‍ഷം : 4 മരണം, 120 പേര്‍ക്ക് പരിക്ക്

ഇസ്രായേല്‍ : ഇസ്രായേലില്‍ പലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്നു. ഗാസയില്‍ പലസ്തീനികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 120ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേലില്‍ നിന്ന് പുറത്താക്കപ്പെട്ട പലസ്തീനികള്‍ക്ക് തിരികെയെത്താനുള്ള അവകാശത്തിനായാണ് ഗാസയില്‍ പ്രതിഷേധം നടത്തുന്നത്. വെള്ളിയാഴ്ച നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് ഇസ്രായേല്‍ സൈന്യം ശക്തമായ വെടിവെപ്പ് നടത്തിയത്. നാല് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വെടിവെപ്പിന് പുറമെ ടിയര്‍ ഗ്യാസ് പ്രയോഗവും ഉണ്ടായിരുന്നു. ഇതില്‍ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്.

ഗാസയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്രായേല്‍ സൈന്യം ശക്തമായ വ്യോമാക്രമണം തുടരുകയാണ്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്രണത്തില്‍ മൂന്ന് ഹമാസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം ആക്രമണം പലസ്തീനികള്‍ക്ക് നേരെയല്ലെന്നും ഹമാസിന് നേരെയാണെന്നും ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെയാണ് സൈന്യത്തിന്റെ ആക്രമണമെന്ന് പലസ്തീനികള്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 30ന് ആരംഭിച്ച മാര്‍ച്ചില്‍ ഇതുവരെ 140 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. 16,000 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top