ദുബായ്: ഇസ്രയേലിന്റെ വിദേശകാര്യമന്ത്രിയുടെ യു എ ഇ സന്ദർശനം ഇന്ന്. ഇസ്രയേലിന്റെ വിദേശ കാര്യമന്ത്രി യായിർ ലാപ്പിഡാണ് ഇന്ന് യു.എ.ഇയിലെത്തുന്നത്. ഒൻപത് മാസം മുമ്പ് അമേരിക്കയുടെ ശ്രമഫലമായിട്ടാണ് അറബ് ലോകം ഇസ്രയേലുമായുള്ള അകൽച്ച ഒഴിവാക്കാൻ തീരുമാനിച്ചത്. അന്ന് യു.എ.ഇയും ബഹറിനും ഇസ്രയേലുമായി വ്യാപാര-പ്രതിരോധ ബന്ധം പുന:സ്ഥാപിച്ചിരുന്നു.
ഇസ്രയേൽ വിദേശകാര്യമന്ത്രി യായിർ ലാപ്പിഡ് എമിറേറ്റ്‌സ് വിദേശകാര്യമന്ത്രി ഷേഖ് അബ്ദുള്ള ബിൻ സയ്യദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഒപ്പം അബുദബിയിലേയും ദുബായിലേയും ഇസ്രയേൽ എംബസ്സികളും ഉദ്ഘാടനം ചെയ്യും. മെയ് മാസത്തിൽ ഇസ്രയേൽ ഗാസയിൽ നടത്തിയ ശക്തമായ ആക്രമണത്തിന് ശേഷം നടക്കുന്ന സുപ്രധാന ഔദ്യോഗിക ചർച്ചകളാണ് അറബ് ലോകവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഒപ്പം ഇസ്രയേലിൽ പുതിയ പ്രധാനമന്ത്രിയായി നെഫ്താലി ബെനറ്റ് അധികാരമേറ്റ ശേഷമുള്ള സുപ്രധാന നയതന്ത്രനീക്കമാണ് യു.എ.ഇയിലേക്കുള്ള വിദേശകാര്യമന്ത്രിയുടെ സന്ദർശനം.