ജറുസലേം: ഗാസ ലക്ഷ്യമാക്കി വീണ്ടും റോക്കറ്റാക്രണമവുമായി ഇസ്രയേൽ. നിർത്തി വെച്ചിരുന്ന ആക്രമണമാണ് ഇപ്പോൾ വീണ്ടും തുടർന്നിരിക്കുന്നത്.തെക്കൻ ഇസ്രയേലിലെ ചില ഭാഗങ്ങളിലേയ്ക്ക് പാലസ്തീൻ ബലൂൺ ബോംബുകള്‍ അയച്ചതിനെ തുടര്‍ന്ന് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ഇസ്രയേൽ സൈനികവിഭാഗങ്ങള്‍ പറയുന്നത്
ഏതു സാഹചര്യവും നേരിടാൻ സന്നദ്ധമാണെന്നും അവര്‍ അറിയിച്ചു.ഗാസയ്ക്കു സമീപമുള്ള ഇസ്രയേലിലെ തുറസ്സായ മേഖലകളിലാണ് പാലസ്തീൻ ബലൂൺ ബോംബുകള്‍ പതിച്ചത്. ബോംബുകള്‍ വീണ് ഇതുപതോളം പ്രദേശത്ത് തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇസ്രയേൽ വ്യക്തമാക്കി.
അതേസമയം, ഇസ്രയേലിൻ്റെ പ്രത്യാക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റിയോ മരണങ്ങളെപ്പറ്റിയോ വ്യക്തമായ വിവരങ്ങളില്ല. തെക്കൻ ഗാസയിലെ ഖാൻ യൂനസ് നഗരത്തിലെ ഒരു ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നാണ് പാലസ്തീനിൽ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ചുള്ള മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നത്. ഇസ്രയേൽ ആക്രമണം നേരിട്ടെന്ന് സ്ഥിരീകരിച്ച ഹമാസ് വൃത്തങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി.