ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം പശ്ചിമേഷ്യയിലേക്ക് വ്യാപിക്കുമെന്ന ആശങ്കകള്‍ നിലനില്‍ക്കെ സിറിയയില്‍ രണ്ടിടത്ത് ആക്രമണം നടത്തി അമേരിക്ക. ഇറാന്‍ സൈന്യം റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും അവരുടെ പിന്തുണയുള്ള ഗ്രൂപ്പുകളും ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന സിറിയയിലെ രണ്ട് കേന്ദ്രങ്ങള്‍ക്കെതിരെയായിരുന്നു അമേരിക്കയുടെ വ്യാഴാഴ്ചത്തെ ആക്രമണം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ആക്രമണത്തിന് ഉത്തരവിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ അറിയിച്ചു. ഈ ആഴ്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സിറിയയില്‍ നടന്ന ആക്രമണത്തിനുള്ള മറുപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ 7028 പലസ്തീനികള്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതില്‍ മൂവായിരത്തിലധികം പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ടുണ്ട്. വ്യോമാക്രമണത്തിന് പുറമെ കരയാക്രമണം തുടങ്ങുമെന്ന ഭീഷണിയും ഇസ്രയേല്‍ നടത്തുന്നുണ്ട്. ബുധനാഴ്ച രാത്രി ഹമാസിന്റെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രങ്ങള്‍ കരമാര്‍ഗം ആക്രമിച്ചുവെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടെങ്കിലും പൂര്‍ണതോതിലുള്ള ആക്രമണം അവര്‍ ആരംഭിച്ചിട്ടില്ല.
ബുധനാഴ്ച മാത്രം 250 വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്. 24 മണിക്കൂറിനിടെ 750 പേര്‍ കൊല്ലപ്പെട്ടതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഗാസയില്‍നിന്ന് പുറത്തുവരുന്ന മരണസംഖ്യയില്‍ ബൈഡന്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കണക്ക് കൃത്യമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പ്രതികരിച്ചു. കൂടാതെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആയിരക്കണക്കിന് പലസ്തീനികളുടെ പേരുകളും ബൈഡന് മറുപടിയായി ഗാസ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.