ഇസ്രയേല്‍ ഹമാസ് സംഘര്‍ഷം മരണം 8000 കടന്നു; യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് നെതന്യാഹു

സ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ ഇരുപക്ഷത്തുമായി മരിച്ചവരുടെ എണ്ണം 8000 കടന്നു. യുദ്ധത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഹമാസിനു മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുദ്ധത്തിന്റെ പുതിയ ഗതിമാറ്റമെന്നും അദ്ദേഹം അറിയിച്ചു. ബന്ദികളുടെ കുടുംബാംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ബന്ദികളെ മോചിപ്പിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും നെതന്യാഹു വ്യക്തമാക്കി.

എന്നാല്‍ ഗസ്സ കുരുതിക്കെതിരെ ലോകത്തുടനീളം വന്‍ പ്രതിഷേധം അലയടിക്കവെ, തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായി. സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയും കമ്യൂണിക്കേഷന്‍ സംവിധാനം തകര്‍ത്തും ഗസ്സക്കുമേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇന്നലെ രാത്രിയും വ്യാപക ആക്രമണങ്ങള്‍ അരങ്ങേറി. നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു. സൈനികാക്രമണങ്ങളിലൂടെ ഹമാസിനുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുകയെന്ന യുദ്ധതന്ത്രം വിജയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും പ്രതികരിച്ചു. അതേസമയം ഗസ്സ പിടിക്കുക ഏറെ ദുഷ്‌കരമായ വെല്ലുവിളിയാണെന്ന് ഇരുവരും സമ്മതിച്ചു.

ഗസ്സ കുരുതി തുടര്‍ന്നാല്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് വെറും കാഴ്ചക്കാരായി മാറിനില്‍ക്കാന്‍ കഴിയില്ലെന്ന് ഇറാനും തുര്‍ക്കിയും മുന്നറിയിപ്പ് നല്‍കി. ഇസ്രായേലിന് വിശാല പിന്തുണ നല്‍കി മറ്റാരും യുദ്ധത്തില്‍ ഇടപെടരുതെന്ന അമേരിക്കന്‍ വാദം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ പ്രസിഡന്റ് അറിയിച്ചു. ബന്ധം വഷളായതോടെ തുര്‍ക്കി നയതന്ത്രപ്രതിനിധികളോട് രാജ്യം വിടാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടു. അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. ബന്ദികളുടെ മോചനനീക്കം ഉള്‍പ്പെടെ മധ്യസ്ഥചര്‍ച്ചകള്‍ തുടരുന്നതായി ഖത്തര്‍ നേതൃത്വവും അറിയിച്ചു.

Top