യുണൈറ്റഡ് നേഷന്‍സ്: ഇസ്രയേലിന് നേര്‍ക്ക് ഹമാസ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക കുറ്റകൃത്യങ്ങളും നടന്നുവെന്ന് യു.എന്‍. റിപ്പോര്‍ട്ട്. ആക്രമണവേളയിലും പിന്നീട് ബന്ദികളെ ഗാസയിലേക്ക് കൊണ്ടുപോയപ്പോഴും ബലാത്സംഗങ്ങളും കൂട്ട ബലാത്സംഗങ്ങളും നടന്നു. ഇത്തരം ആക്രമണം നടന്നുവെന്ന് ബോധ്യപ്പെടാന്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന്, യു.എന്‍. സ്പെഷല്‍ റെപ്രസെന്റേറ്റീവ് ഓണ്‍ സെക്ഷ്വല്‍ വയലന്‍സ് ഇന്‍ കോണ്‍ഫ്ളിക്ട് പ്രമില പാറ്റേണിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ബന്ദികളില്‍ ചിലര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ബന്ദികളായി തുടരുന്നവര്‍ക്കു നേരെ ഇത്തരം ആക്രമണം നടക്കുന്നതായും കരുതുന്നു, റിപ്പോര്‍ട്ട് പറയുന്നു. ഇസ്രയേല്‍ ഹമാസിന് നേര്‍ക്ക് ബലാത്സംഗ-ലൈംഗിക കുറ്റകൃത്യ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും യു.എന്‍. നടപടികള്‍ വളരെ സാവധാനത്തിലായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഫെബ്രുവരി ആദ്യമാണ് പ്രമില, വിദഗ്ധര്‍ക്കൊപ്പം ഇസ്രയേലും വെസ്റ്റ് ബാങ്കും സന്ദര്‍ശിച്ചത്.
ഒക്ടോബര്‍ ഏഴിന് ഹമാസും മറ്റ് സായുധസംഘങ്ങളും സിവിലിയന്മാര്‍ക്കും സൈനിക കേന്ദ്രങ്ങള്‍ക്കും നേര്‍ക്ക് നടത്തിയ സംഘടിത ആക്രമണത്തില്‍, വിവിധയിടങ്ങളില്‍ ബലാത്സംഗവും കൂട്ടബലാത്സംഗവും പോലെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നെന്ന് സമിതി കണ്ടെത്തിയിട്ടുണ്ട്. ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളിലെങ്കിലും-നോവ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയും അതിന്റെ പരിസരവും, റോഡ് 232, കിബ്ബുറ്റ്സ് റേയിം എന്നിവിടങ്ങളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമാണ് കൂടുതല്‍ സംഭവങ്ങളിലുമുണ്ടായത്. സ്ത്രീകളുടെ മൃതശരീരം ബലാത്സംഗം ചെയ്ത, രണ്ടു സംഭവങ്ങളെങ്കിലും ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിന് ഇരയായവരോട് മുന്നോട്ടുവരാനും സംഭവത്തെ കുറിച്ച് പറയാനും ആവശ്യപ്പെട്ടെങ്കിലും ആരും അതിന് തയ്യാറായിട്ടില്ല. എന്നിരുന്നാലും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഇരകളായവര്‍, സാക്ഷികള്‍, ആരോഗ്യ സേവനദാതാക്കള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്താന്‍ സമിതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അയ്യായിരം ഫോട്ടോകളും ആക്രമണത്തിന്റെ അമ്പതുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള വീഡിയോകളും സമിതി പരിശോധിച്ചിരുന്നു.