രണ്ടു ബന്ദികളെ കൂടി മോചിപ്പിച്ചതായി ഹമാസ്; കൂടുതൽ മോചനങ്ങൾക്കായി മധ്യസ്ഥശ്രമങ്ങൾ തുടരും

ഗാസ : ഇസ്രയേൽ സൈന്യം ഗാസയിൽ കടന്നുകയറി നേരിട്ട് ആക്രമണം ആരംഭിച്ചതിനിടെ രണ്ടു ബന്ദികളെ കൂടി മോചിപ്പിച്ചതായി ഹമാസ്. രണ്ട് ഈസ്രയേലി സ്ത്രീകളെയാണ് ഹമാസ് വിട്ടയച്ചത്. ഖത്തറിന്റെയും ഈജിപ്‌‍തിന്റെയും മധ്യസ്ഥശ്രമങ്ങളെ തുടർന്നാണ് രണ്ടുപേരെ കൂടി മോചിപ്പിക്കാൻ ഹമാസ് തയാറായത്. ഇതോടെ നാലു ബന്ദികളെ ഹമാസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം രണ്ട് അമേരിക്കൻ പൗരന്മാരേയും ഹമാസ് മോചിപ്പിച്ചിരുന്നു. അതേസമയം, ആരോഗ്യപ്രശ്നങ്ങൾ നേരിട്ടവരെയാണ് വിട്ടയച്ചതെന്നും ഹമാസ് പ്രതികരിച്ചു.

ഹമാസ് ബന്ദികളാക്കിയവരെ തേടി സൈനിക നീക്കം തുടങ്ങിയെന്ന് ഇസ്രയേൽ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഹമാസ് 200 ലധികം പേരെ ബന്ദികളാക്കിയതായാണ് റിപ്പോർട്ട്. ഇവരിൽ 50 പേരെ ഹമാസ് മോചിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. റെഡ് ക്രോസ് പ്രതിനിധികളുടെ ഇടപെടലിൽ ഇരട്ട പൗരന്മാരായ ബന്ദികളെ മോചിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 436 പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിൽ ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നു. കൊല്ലപ്പെട്ടവരിൽ പകുതിയോളം കുട്ടികളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബർ 7ന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിക്കാൻ ആരംഭിച്ചത്. ഹമാസ് ആക്രമണത്തിൽ 1,400ലേറെപ്പേർ ഇസ്രയേലില്‍ കൊല്ലപ്പെട്ടു.

ഹമാസ് താവളമാക്കിയിരിക്കുന്ന ടണലുകളിൽ ഉൾപ്പെടെ ആക്രമണം നടത്തിയതായി സൈന്യം പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിനിടെ ഹമാസിന്റെ രണ്ടു ഡ്രോണുകൾ തകർത്തെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.

അതേസമയം, ഗാസയിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തെ നേരിട്ടുവെന്ന് ഹമാസ് പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിലെ ആൾപാർപ്പുള്ള മേഖലകളിലും വിവിധ ആശുപത്രികള്‍ക്കു നേരെയും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ നൂറുകണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതായി പലസ്തീനിയൻ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു.

നേരത്തെ വടക്കൻ ഗാസയിൽനിന്ന് പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രയേൽ മുന്നയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്. അതിർത്തിയിൽ വിന്യസിച്ചിരുന്ന സൈനിക ടാങ്കുകൾ ഗാസയിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാൽ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമാണ് നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വിശദീകരിച്ചു.

Top