ഇന്ധനം തടസ്സപ്പെടുത്തി ഇസ്രയേൽ; ഗാസയിലെ 72 ആശുപത്രിയിൽ 46 എണ്ണവും പ്രവർത്തനം നിർത്തി

ഗാസ : വൈദ്യുതിക്ഷാമം രൂക്ഷമായതോടെ ഗാസയിലെ ഭൂരിപക്ഷം ആശുപത്രികളുടെയും പ്രവർത്തനം നിലയ്‌ക്കുന്നു. 72 ആശുപത്രിയിൽ 46 എണ്ണവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഇന്ധനം ലഭ്യമല്ലാത്തതാണ്‌ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നത്‌.

ആശുപത്രികൾക്കുനേരെയും ആക്രമണം നടത്തുന്നതും തിരിച്ചടിയാണ്‌. കൊല്ലപ്പെടുന്നവരിൽ ആരോഗ്യ പ്രവർത്തകരുമുണ്ട്‌. ഇന്ധനം എത്തിക്കാൻ ഇനിയും വൈകുന്നത്‌ ആശുപത്രികളിലെ രോഗികൾക്ക്‌ കൂട്ട വധശിക്ഷ നൽകുന്നതിനു തുല്യമാകുമെന്ന്‌ വടക്കൻ ഗാസയിലെ അതെഫ്‌ അൽ ഖലൗട്ട്‌ ആശുപത്രി ഡയറക്ടർ പറഞ്ഞു. റാഫ അതിർത്തിയിലൂടെ ജീവകാരുണ്യ സഹായം പരിമിതമായി കടത്തിവിട്ടെങ്കിലും ഇന്ധനംമാത്രം ഇസ്രയേൽ അനുവദിച്ചിട്ടില്ല.

അയ്യായിരത്തഞ്ഞൂറ്‌ ഗർഭിണികളായ സ്‌ത്രീകൾ വിവിധ ആശുപത്രികളിലുണ്ട്‌. മാസം തികയാതെ പ്രസവിച്ച 130 കുഞ്ഞുങ്ങളും ചികിത്സയിലുണ്ട്‌. ഇന്ധനമില്ലാതെ ഇൻകുബേറ്ററുകളുടെ പ്രവർത്തനം നിലയ്‌ക്കുകയാണ്‌. നിരവധി കുഞ്ഞുങ്ങൾക്ക്‌ ശ്വാസം നിലനിർത്താൻ യന്ത്രസഹായം ആവശ്യമാണ്‌. മറ്റ്‌ അവശ്യ വസ്‌തുക്കളടങ്ങിയ 54 ട്രക്കാണ്‌ ഇതുവരെ ഗാസയിലെത്തിയത്‌.

പലസ്തീൻ അനുകൂല പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽനിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെടുന്നതായും റിപ്പോർട്ടുണ്ട്‌. ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, യൂട്യൂബ്, ടിക്ക്ടോക്ക് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ പോസ്റ്റുകൾ സെൻസർ ചെയ്യുകയും പോസ്റ്റുകളുടെ വ്യാപനം വലിയ തോതില്‍ കുറയ്‌ക്കുന്നതായുമാണ്‌ റിപ്പോർട്ട്‌.

ഇസ്രയേൽ–- ഹമാസ്‌ യുദ്ധത്തിനിടെ ഇതുവരെ 23 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി ആഗോള മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനയായ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ്സ് (സിപിജെ). 19 പലസ്തീൻ, മൂന്ന് ഇസ്രയേൽ, ഒരു ലബനീസ് മാധ്യമപ്രവർത്തകരാണ്‌ കൊല്ലപ്പെട്ടതെന്ന്‌ സിപിജെ അറിയിച്ചു. എട്ടു റിപ്പോർട്ടർമാർക്ക് പരിക്കേറ്റു. മറ്റ് മൂന്നു പേരെ കാണാതാവുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്തിട്ടുണ്ട്‌. ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിലാണ് ഭൂരിപക്ഷം മാധ്യമപ്രവർത്തകർക്കും ജീവൻ നഷ്ടമായത്. 2001നു ശേഷം മേഖലയിൽ കൊല്ലപ്പെട്ട മാധ്യമപ്രവത്തകരുടെ എണ്ണത്തേക്കാൾ അധികമാണിത്‌.

ഹമാസിന്റെ നേതൃനിരയിലുള്ള ഒമര്‍ ദറാഗ്മെ ഇസ്രയേല്‍ ജയിലില്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഹൃദയാഘാതംമൂലമാണ് ഒമറിന്റെ മരണമെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഒമറിനെ ഇസ്രയേല്‍ സൈന്യം തടവറയില്‍ പീഡിപ്പിച്ച് കൊന്നതാണെന്നാണ് ഹമാസ്‌ ആരോപിച്ചു. ഹമാസിന്റെ വെസ്റ്റ് ബാങ്കിലെ നേതാവായ ഒമറിനെയും മകനെയും ഒക്ടോബര്‍ ഒമ്പതിനാണ് ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണശേഷം എണ്ണൂറോളം പലസ്തീനികളെ തടവിലാക്കിയതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

അൽ- അഖ്‌സ പള്ളിയിലേക്ക് ഇസ്ലാംമത വിശ്വാസികൾ കയറുന്നത് ഇസ്രയേൽ സൈന്യം വിലക്കിയതായി പലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട്‌. അപ്രതീക്ഷിതമായി പള്ളിപരിസരത്തേക്കുള്ള എല്ലാ ഗേറ്റുകളും അടച്ചുപൂട്ടുകയും മുസ്ലിങ്ങൾ അകത്ത് പ്രവേശിക്കുന്നത് തടഞ്ഞെന്നുമാണ്‌ റിപ്പോർട്ട്. മക്കയും മദീനയും കഴിഞ്ഞാൽ ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായാണ് അ്ൽ അഖ്‌സയെ കണക്കാക്കുന്നത്.

Top