ഇസ്രയേല്‍ – ഹമാസ് യുദ്ധം ; ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം

ടെൽ അവീവ് : ഗാസയിൽ അഞ്ചാം ദിവസവും ഇസ്രയേൽ ബോംബാക്രമണം തുടരുന്നു. ഗാസയില്‍ മാത്രമായി ആയിരത്തോളം പേർ മരിച്ചു. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയുമില്ലാതെ ദുരിതത്തിലായിരിക്കുകയാണ് ഗാസ നിവാസികൾ. യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഇസ്രയേലിലും ഗാസയിലുമായി രണ്ടായിരത്തോളം പേരാണ് മരിച്ചത്. ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഓരോ ദിവസവും മരണ സംഖ്യ ഉയരുകയാണ്. ഇസ്രയേലിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രണമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേൽ നടത്തിയത്. കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തകർന്നതായി ഐക്യരാഷട്ര സഭ വ്യക്തമാക്കി. കാനഡ അടക്കം കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിൽ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങി. ഇതിനിടെ, പലസ്തീന്‍ ജനതക്ക് യു.എ.ഇ സഹായം പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്.

ഇന്നലെ ഹമാസ് ഭരണത്തിലുള്ള ഗാസയിൽ ഇസ്രയേൽ സൈന്യം ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തിരുന്നു. ഇതിനൊപ്പം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്. ഹമാസ് ഭരണത്തിലുള്ള പ്രദേശമാണ് ഗാസ. അതേസമയം ഹമാസിന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യൻ പ്രസിഡന്റ് വ്ളാട്മിർ പുടിനും രം​ഗത്തെത്തി. പുടിന്റെ വിമർശനം അമേരിക്കക്കെതിരെ ആയിരുന്നു. പശ്ചിമേഷ്യയിൽ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്നാണ് റഷ്യൻ പ്രസിഡന്റ് പ്രതികരിച്ചത്. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച പറ്റിയെന്നും വ്ളാട്മിർ പുടിൻ പറഞ്ഞു.

അതിനിടെ ഇസ്രയേൽ – ഹമാസ് സംഘ‍ർത്തിൽ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രം​ഗത്തെത്തി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.

Top