ഇറാന്റെ ആണവ സ്വപ്നം തകർക്കൽ ഇസ്രയേൽ ലക്ഷ്യം, യുദ്ധം ഗാസയിൽ തീരില്ല, അമേരിക്കയും തയ്യാർ

സ്രയേൽ – ഹമാസ് യുദ്ധം ഇറാൻ – ഇസ്രയേൽ യുദ്ധമായി പരിണമിക്കാനുള്ള സാധ്യതയാണ് ഇപ്പോൾ വർദ്ധിച്ചിരിക്കുന്നത്. ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിക്കുന്നതോടെ യുദ്ധത്തിൽ നേരിട്ട് ഇടപെടാനാണ് ഇറാൻ തീരുമാനിച്ചിരിക്കുന്നത്. “ഗാസയിൽ ഇസ്രയേൽ ആക്രമണം തുടർന്നാൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്നതാണ്” ഇറാന്റെ മുന്നറിയിപ്പ്. ലെബനാനിലെ ഇറാൻ അനുകൂല ഹിസ്ബുള്ള ഇതിനകം തന്നെ ഇസ്രയേലിനെതിരെ പോർമുഖം തുറന്നു കഴിഞ്ഞു. ലെബനാൻ – ഇസ്രയേൽ അതിർത്തിയിലും സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്. അധികം താമസിയാതെ ഇവിടെയും തുറന്ന യുദ്ധത്തിനു സാധ്യതയുണ്ട്.

ഇസ്രയേലിനെതിരെ ഹിസ്ബുള്ള തിരിഞ്ഞ സാഹചര്യത്തിൽ അമേരിക്കയും നിലപാട് കടുപ്പിച്ചിട്ടുണ്ട്. ഹിസ്ബുള്ള യുദ്ധത്തിനിറങ്ങിയാൽ ലെബനനെ അമേരിക്ക തന്നെ നേരിട്ട് ആക്രമിച്ചേക്കും. ഇതു സംബന്ധമായ മുന്നറിയിപ്പ് ഇതിനകം തന്നെ ലെബനനു അമേരിക്കയും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആണവ വികരണങ്ങൾ മനസ്സിലാക്കാൻ കഴിയുന്ന അമേരിക്കയുടെ ഒരു ചാരവിമാനം ഇന്ത്യ- പാക്ക് – ഇറാൻ – ഗൾഫ് സമുദ്രതീരത്തോട് ചേർന്ന് പറന്നത് ഇറാന്റെ ഉൾപ്പെടെയുള്ള മേഖലയിലെ ആണവ പ്രോഗ്രാം മനസ്സിലാക്കാൻ ലക്ഷ്യമിട്ടുളളതാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാൻ ആണവായുധം നിർമിക്കുന്നത് തടയുക എന്നത് ഹാർഡ് സ്റ്റേറ്റ് എന്ന് വിലയിരുത്തപ്പെടുമെന്ന ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിനായി ലഭിക്കുന്ന ഒരവസരവും ഇസ്രയേൽ പാഴാക്കുകയില്ല. ഇറാൻ പരസ്യമായി പിന്തുണയ്ക്കുന്ന ഹിസ്ബുള്ള ഇടപെട്ടാൽ പോലും ഇസ്രയേലിന്റെ ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ന്യായീകരണമാകും. അതു തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആയുധ കരുത്തിലും ടെക് നോളജിയിലും ലോകത്തെ തന്നെ ശക്തമായ രാജ്യമായ ഇസ്രയേലിൽ ഹമാസ് ഭീകരർ ആക്രമണം നടത്തിയതു തന്നെ ഇസ്രയേൽ കണ്ണടച്ചതു കൊണ്ടാണോ എന്ന സംശയം ഇപ്പോൾ തന്നെ ലോകത്തുണ്ട്.

ലോക രാജ്യങ്ങൾ പോലും കൊതിക്കുന്ന മൊസാദ് പോലുള്ള വമ്പൻ ഏജൻസിയും ആധുനിക ടെക്നോളജിയും കൈവശമുളള ഇസ്രയേൽ ബോധപൂർവ്വം സൃഷ്ടിച്ച പഴുതാണ് ഹമാസ് ഭീകരർക്ക് രാജ്യത്തിനകത്തു കയറാൻ വഴി ഒരുക്കിയതെന്നാണ് ഒരു വിഭാഗം കരുതുന്നത്. അതിനായി അവർ നിരത്തുന്ന കാരണങ്ങളും തള്ളിക്കളയാൻ കഴിയുന്നതല്ല. ഇറാനെ ആക്രമിക്കാൻ ഒരു കാരണമായിരുന്നു ഇസ്രയേലിനു വേണ്ടിയിരുന്നത്. ഹമാസിന്റെ ആക്രമണത്തോടെ അതവർക്ക് ഇപ്പോൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഗാസയെ സംരക്ഷിക്കാൻ രംഗത്തിറങ്ങുമെന്ന ഇറാന്റെ പ്രഖ്യാപനം തന്നെയാണ് അമേരിക്കയും പ്രതീക്ഷിച്ചിരുന്നത്. അതും നടന്നു കഴിഞ്ഞു. ഇനി ഏതു നിമിഷവും യുദ്ധത്തിന്റെ ഗതി തന്നെയാണ് മാറുക.

അമേരിക്കയുടെ മറ്റൊരു സംസ്ഥാനമായി വിലയിരുത്തപ്പെടുന്ന ഇസ്രയേലിനു വേണ്ടി ഏതറ്റം വരെ പോകാനും അമേരിക്ക തയ്യാറാണ്. അതവർ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുമുണ്ട്. അതായത് ഇറാനെതിരെ അമേരിക്ക – ഇസ്രയേൽ സംയുക്ത സൈനിക നടപടിയാണ് വരാൻ പോകുന്നത്. ഇസ്രയേൽ സമുദ്രാതിർത്തിയിൽ ഇപ്പോൾ തന്നെ ഉത്തരവും കാത്ത് നിരവധി അമേരിക്കൻ പടകപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രയേലിന് ആത്മവിശ്വാസം നൽകുന്നതും ഈ കരുത്താണ്.

അമേരിക്കൻ സൈന്യം തമ്പടിച്ചിരിക്കുന്നത് ഇറാനെ ലക്ഷ്യമിട്ടാണെന്ന യാഥാർത്ഥ്യം റഷ്യയും ചൈനയും ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അതു കൊണ്ടാണ് ചൈന വൈകിയാണെങ്കിലും പ്രതികരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഹമാസ് – ഇസ്രയേൽ യുദ്ധം ഒരിക്കലും ഇറാനെതിരായ യുദ്ധമായി മാറരുതെന്നാണ് റഷ്യയും ചൈനയും ആഗ്രഹിക്കുന്നത്. യുക്രെയിൻ – റഷ്യ യുദ്ധത്തിന്റെ അനുഭവം മുന്നിലുള്ളതിനാൽ ഇറാനു വേണ്ടി സൈനികമായി ഇടപെട്ടാൽ തിരിച്ചടിയുണ്ടാകുമോ എന്ന ആശങ്ക ചൈനയ്ക്കുമുണ്ട്. ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാടും ചൈനയെ പ്രതിരോധത്തിലാക്കുന്ന ഘടകമാണ്.

അതേസമയം, ഇന്ത്യയ്ക്ക് മുന്നിലും നിലവിലെ സാഹചര്യം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇന്ത്യയുടെ ഒറ്റ മിത്രങ്ങളായ റഷ്യയും ഇസ്രയേലും യുദ്ധത്തിലായത് ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്കാണ് ഭീഷണിയായിരിക്കുന്നത്. ഇന്ത്യൻ ആയുധ – സാങ്കേതിക മേഖലകളിൽ റഷ്യയ്ക്കും ഇസ്രയേലിനുമാണ് ആധിപത്യമുള്ളത്. യുദ്ധത്തിലായതിനാൽ ഇനി പഴയ പോലെ സഹായിക്കാൻ ഇരു രാജ്യങ്ങൾക്കും പരിമിതികൾ ഉണ്ടാകാനാണ് സാധ്യത. ഈ വെല്ലുവിളി മറികടക്കാൻ അമേരിക്കയെയും ഫ്രാൻസിനെയുമാണ് ഇന്ത്യയ്ക്ക് ഇനി ആശ്രയിക്കേണ്ടി വരിക.

EXPRESS KERALA VIEW

Top