സംഘർഷം 12 ദിവസം പിന്നിടുന്നു; ദുരിതത്തിനു ശമനമില്ലാതെ സഹായവും കാത്ത് ഗാസ

ഗാസ സിറ്റി : സംഘർഷം 12 ദിവസം പിന്നിടുമ്പോൾ, വൈദ്യുതിയും വെള്ളവും ഭക്ഷണവുമില്ലാതെ ഉപരോധത്തിലായ ഗാസയിൽ കഴിയുന്ന 20 ലക്ഷത്തിലേറെ പലസ്തീൻകാരുടെ ദുരിതത്തിനു ശമനമില്ല. അടിയന്തര സഹായമെത്തിക്കാൻ ഇസ്രയേൽ അനുമതി നൽകിയെങ്കിലും എന്നുണ്ടാകുമെന്നു വ്യക്തമല്ല. സുരക്ഷിത മേഖലയെന്നു പ്രഖ്യാപിച്ച തെക്കൻ ഗാസ അടക്കം മുനമ്പിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രയേൽ ഇന്നലെയും ഇടതടവില്ലാതെ വ്യോമാക്രമണം നടത്തി.

ഖാൻ യൂനിസ് നഗരത്തിലെ പാർപ്പിടസമുച്ചയത്തിനു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; 40 പേർക്കു പരുക്കേറ്റു. യുഎസ് പ്രസിഡന്റ് ജോ ബൈഡനു പിന്നാലെ ഇസ്രയേലിനു പിന്തുണയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് ടെൽ അവീവിൽ എത്തി.

ഭക്ഷണവും മരുന്നുമടക്കമുള്ള അടിയന്തരസഹായവുമായി ഈജിപ്തിൽനിന്ന് 12 ട്രക്കുകൾക്ക് ഗാസയിൽ പ്രവേശിക്കാനാണ് ഇസ്രയേൽ അനുമതി നൽകിയത്. റഷ്യയുടെ 27 ടൺ സഹായവും ഈജിപ്ത് വഴിയാണു നൽകുക.

മറ്റ് പ്രധാന സംഭവങ്ങൾ

ഇസ്രയേൽ ആക്രമണങ്ങളിൽ ഇതുവരെ 3478 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 12,000 പേർക്കു പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 1300 പേരെങ്കിലും കുടുങ്ങിക്കിടക്കുന്നു.

ഗാസ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനെതിരെ രാജ്യാന്തര പ്രതിഷേധം തുടരുന്നു.

റഫായിൽ വ്യോമാക്രമണങ്ങളിൽ മുതിർന്ന ഹമാസ് നേതാവ് ജിഹാദ് എംഹസനും കുടുംബവും കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ.

‌ഇസ്രയേലിനു 10,000 കോടി ഡോളർ കൂടി സഹായം നൽകാൻ ജോ ബൈഡൻ ഭരണകൂടം

ഇസ്രയേലിനു കൂടുതൽ സൈനിക സഹായം നൽകുന്നതിൽ പ്രതിഷേധിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ബ്യൂറോ ഓഫ് പൊളിറ്റിക്കൽ– മിലിറ്ററി അഫയേഴ്സ് ഡയറക്ടർ ജോഷ് പോൾ രാജിവച്ചു.

തെക്കൻ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ല– ഇസ്രയേൽ സംഘർഷം തുടരുന്നു.  അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ ആയിരങ്ങളെ ഇസ്രയേൽ ഒഴിപ്പിച്ചു. എത്രയും വേഗം ലബനൻ വിടാൻ യുഎസ് പൗരന്മാർക്കു നിർദേശം

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായ് ഗാസയ്ക്കു 2.5 കോടി രൂപ നൽകി.

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 7 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു.

Top