ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്; കരയുദ്ധം ആരംഭിച്ചതായി റിപ്പോർട്ട്; മരണം 6000

ഗാസ : കരയുദ്ധത്തിനുള്ള ആഹ്വാനത്തിന് പിന്നാലെ ഇസ്രയേൽ സൈന്യം ഗാസയിൽ പ്രവേശിച്ചതായി ഹമാസ്. ഗാസയിൽ പ്രവേശിച്ച സൈന്യത്തെ തങ്ങൾ നേരിട്ടുവെന്ന് ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ഗാസയിലെ രക്തകലുഷിതമായ രാത്രികളിൽ ഒന്നായിരിക്കും ഇതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ജനങ്ങൾ തിങ്ങിപ്പാർത്തിരുന്ന ഗാസയിലെ റെസിഡൻഷ്യൽ മേഖലയിലും ജബലിയ അഭയാർഥി ക്യാമ്പിലും ഗാസയ്ക്കരികിലുള്ള അൽ-ഷിഫ, അൽ-ഖുദ്സ് ആശുപത്രികൾക്ക് നേരെയും ഇസ്രയേൽ ബോംബാക്രമണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ നൂറുക്കണക്കിനുപേർ കൊല്ലപ്പെട്ടതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.

വെസ്റ്റ് ബാങ്കിൽ അർധരാത്രിയിൽ ഇസ്രയേൽ സൈന്യം നടത്തിയ തിരച്ചിലിൽ രണ്ട് പലസ്തീൻ പൗരന്മാരെ കൊലപ്പെടുത്തിയിരുന്നു. ഇതുവരെയായി ഇസ്രയേൽ ആക്രമണത്തിൽ 5087 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായാണ് വിവരം. 1400ലേറെ ഇസ്രയേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

വടക്കൻ ഗാസയിൽ നിന്ന് ഇനിയും പലായനം ചെയ്യാത്തവരെ ഹമാസ് അനുകൂലികളായി കണക്കാക്കുമെന്ന് ഇസ്രയേൽ ഭീഷണി കഴിഞ്ഞ ദിവസമാണ് ഉണ്ടായത്. ഇതിനുപിന്നാലെയാണ്, ദിവസങ്ങളായി അതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന ഇസ്രയേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് പ്രവേശിച്ചത്. വിപുലമായ ആക്രമണത്തിലേക്ക് കടന്നിട്ടില്ലെന്നും ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.

അതിർത്തി കടന്നുവന്ന ആദ്യ ഇസ്രയേൽ ട്രൂപ്പുകളെ തുരത്തിയതായി ഹമാസും അവകാശപ്പെടുന്നുണ്ട്. പ്രാണരക്ഷാർത്ഥം വടക്കൻ ഗാസയിലെ അഭയാർഥി ക്യാമ്പുകളിലെത്തിയവരോട് എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ നിർദേശം നൽകിയിട്ടുണ്ട്. കരുതൽ ആക്രമണം എന്ന പേരിൽ വെസ്റ്റ് ബാങ്കിൽ തുടങ്ങിയ ആക്രമണം ദിനംപ്രതി കടുക്കുന്നുണ്ട്. ലെബനൻ അതിർത്തിയിലും വെടിവെപ്പ് നടത്തുന്നുണ്ട് ഇസ്രയേൽ.

Top