ഇസ്രയേല്‍-ഹമാസ് യുദ്ധത്തിലെ യുഎസിന്റെ നിലപാട് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. വിഷയത്തില്‍ യുഎസ് മൗനത്തിലാണെന്നും (SleepWalk) മസ്‌ക് പറയുന്നു. മാത്രമല്ല മുഴുവന്‍ ലോകത്തെയും ഭീഷണിയിലാക്കുകയാണെന്ന് വിമര്‍ശനവുമുയര്‍ത്തി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലെ ‘സ്പേസസില്‍’ ഇസ്രായേല്‍-ഹമാസ് യുദ്ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടന്ന ചര്‍ച്ചയിലാണ് മസ്‌കിന്റെ പ്രതികരണം. ഇലോണ്‍ മസ്‌കിനൊപ്പം യുഎസിലെ സംരംഭകനും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയുമായ വിവേക് രാമസ്വാമിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
യുഎസ് യുക്രൈനില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തണമെന്നും റഷ്യയുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കണമെന്നും മസ്‌ക് പറഞ്ഞു. മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള നിദ്രാടനത്തിലാണ് യുഎസ്. നടന്നുകൊണ്ടിരിക്കുന്ന യുദ്ധം കാരണം മുഴുവന്‍ നാഗരികതയും ഭീഷണിയിലാവുകയാണ്. ആഗോളതലത്തില്‍ യുദ്ധം ആരംഭിച്ചാല്‍ അത് വലിയൊരു യുദ്ധം തന്നെ ആയേക്കും. മസ്‌ക് പറഞ്ഞു. ആഗോള യുദ്ധമായി മാറുന്നതിന് മുമ്പ് പ്രാദേശിക യുദ്ധങ്ങളില്‍ യുഎസ് ഇടപെടേണ്ടതിന്റെ ആവശ്യകതയും മസ്‌ക് ചൂണ്ടിക്കാട്ടി.
യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെയും, ഇസ്രായേല്‍-ഹമാസ് യുദ്ധത്തിന്റെയും പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം. റഷ്യയും, ചൈനയും തമ്മിലുള്ള യുഎസിന്റെ ബന്ധം വഷളാവുന്നതിലാണ് മസ്‌കിന്റെ പ്രധാന ആശങ്ക. അസംസ്‌കൃത പദാര്‍ത്ഥങ്ങളുടെ വലിയ സമ്പത്തുള്ള റഷ്യയും വലിയ വാണിജ്യ ശേഷിയുള്ള ചൈനയും തമ്മിലുള്ള ബന്ധം യുഎസിന് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുകയെന്ന് മസ്‌ക് പറയുന്നു.
റഷ്യയെ ഇറാനുമായും ചൈനയുമായും അടുപ്പിക്കാന്‍ കാരണമായ കാര്യങ്ങള്‍ ചെയ്യുന്നത് യുഎസ് അവസാനിപ്പിക്കണം. പകരം, സമാധാനത്തിനായി യുക്രൈനെ സഹായിക്കുന്നതിനൊപ്പം റഷ്യയുമായി വീണ്ടും സൗഹൃദത്തിലാവണമെന്നും മസ്‌ക് നിര്‍ദേശിക്കുന്നു. റഷ്യ, ഇറാന്‍, ചൈന കൂട്ടുകെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തമായ എതിരാളിയായിരിക്കും. ആ പോരാട്ടം ചെറുതായിരിക്കില്ല. പാശ്ചാത്യ രാജ്യങ്ങളെ വെല്ലുവിളിക്കുന്ന വാണിജ്യസാമ്പത്തിക ശക്തിയായി അവര്‍ ഉയരും. യുദ്ധങ്ങളുടെ അടിസ്ഥാനം തന്നെ സാമ്പത്തികമായ മേധാവിത്വമാണ്.
അതേസമയം, പിടിച്ചെടുത്ത ചില പ്രദേശങ്ങള്‍ യുക്രൈനും റഷ്യയും തിരികെ നല്‍കണമെന്നും ചൈനയുമായുള്ള സൈനിക ഇടപാടുകള്‍ റഷ്യ അവസാനിപ്പിക്കണമെന്നുമുള്ള ചില നിര്‍ദേശങ്ങള്‍ വിവേക് രാമസ്വാമിയും മുന്നോട്ടുവെച്ചു. ഇതിനെ അനുകൂലിച്ച മസ്‌ക്. യുക്രൈന് സ്ഥിരമായ അതിര്‍ത്തി നിശ്ചയിക്കണമെന്ന നിര്‍ദേശവും മുന്നോട്ടുവെച്ചു. യുഎസും ചൈനയുമായുള്ള ബന്ധം വഷളായത് മസ്‌കിന്റെ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി തീര്‍ന്നിരുന്നു. ടെസ് ലയുടെ ഇലക്ട്രിക് കാറുകളുടെ വലിയ വിപണിയായി വിലയിരുത്തപ്പെട്ട രാജ്യമാണ് ചൈന. ഇക്കാരണത്താലാണ് ചൈനയുമായുള്ള പ്രശ്നപരിഹാരത്തിന് മസ്‌ക് ആവശ്യപ്പെടുന്നത്.
യുക്രൈന്‍-റഷ്യ യുദ്ധത്തിലും മസ്‌കിന്റെ ഇടപെടലുകളുണ്ടായിട്ടുണ്ട്. മുമ്പ് ക്രിമിയയില്‍ റഷ്യയ്ക്കെതിരെ ആക്രമണം നടത്താന്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാനുള്ള യുക്രൈന്റെ ശ്രമം മസ്‌ക് തടസപ്പെടുത്തുകയും സേവനം നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് റഷ്യ യുക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമാണ് മസ്‌ക് യുക്രൈനില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിച്ചത്. നേരത്തെ യുദ്ധത്തിനായി തന്റെ ഇന്റര്‍നെറ്റ് സേവനം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ളതാണെന്നും വാദിച്ച മസ്‌കാണ് പിന്നീട് യുക്രൈനിന് സ്റ്റാര്‍ലിങ്ക് സേവനം അനുവദിച്ചത്. ‘ബുദ്ധിമാനായ വ്യവസായി’ ഈ നീക്കത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുതിന്‍ മസ്‌കിനെ വിശേഷിപ്പിച്ചത്.